1,400 മുസ്‍ലിം കുടുംബങ്ങളെ ഒഴിപ്പിച്ച ഭൂമിയിൽ അദാനിയുടെ താപവൈദ്യുതി നിലയത്തിന് തറക്കല്ലിട്ടു

അസം: ധുബ്രിയിൽ മുസ്‍ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ഭൂമിയിൽ അദാനി പവർ ലിമിറ്റഡിന്റെ വൻകിട താപവൈദ്യുതി നിലയത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തറക്കല്ലിട്ടു. ആയിരകണക്കിന് മുസ്‍ലിം കുടംബങ്ങളാണ് വൈദ്യുതിനിലയത്തിന്റെ വരവോടെ ഭൂരഹിതരായത്.

ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി നിർമ്മിക്കുന്ന 3,200 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി നിലയം ആസാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ പദ്ധതിയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അവകാശപ്പെട്ടു. ഏകദേശം 48,000 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന ഈ പദ്ധതി വഴി സംസ്ഥാനത്തിന്റെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

എന്നാൽ, പദ്ധതിക്കായി കഴിഞ്ഞ വർഷം ജൂലൈയിൽ ഈ പ്രദേശത്തുനിന്നും 1,400ലധികം ബംഗാളി വംശജരായ മുസ്‌ലിം കുടുംബങ്ങളെ അസം സർക്കാർ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്ന് മുതൽ നാല് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിച്ചിരുന്ന പതിനായിരത്തോളം ആളുകളാണ് സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടിക്ക് ഇരയാവേണ്ടി വന്നത്.

ബ്രഹ്മപുത്ര നദിയിലെ കനത്ത മണ്ണൊലിപ്പ് കാരണം വീടുകൾ നഷ്ടപ്പെട്ട ആളുകളാണ് ഇവിടെ അഭയം പ്രാപിച്ചിരുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും പദ്ധതിക്കായുള്ള അനുമതി തേടുന്നതിനായി അദാനി പവർ ലിമിറ്റഡ് സമർപ്പിച്ച രേഖകളിൽ, നിർദ്ദിഷ്ട ഭൂമിയിൽ ജനവാസ മേഖലകൾ ഇല്ലെന്നും അതിനാൽ പുനരധിവാസവുമായി ബന്ധപ്പെട്ട യാതൊരു അവകാശവാദങ്ങളും നിലനിൽക്കുന്നില്ലെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കമ്പനിയുടെ ഈ വാദങ്ങളെ പൂർണമായി തള്ളിക്കൊണ്ട് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.

സർക്കാർ ഭൂമിക്ക് പുറമെ കൃത്യമായ കൈവശരേഖകളുള്ള ഭൂമി കൂടി ഈ പദ്ധതിക്കായി ബലമായി പിടിച്ചെടുത്തിട്ടുണ്ടെന്നും, ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും ഇവിടുത്തെ ഭൂവുടമകളിൽ പകുതിയിലധികം പേർക്കും ഇതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭ്യമാക്കിയിട്ടില്ലെന്നും ഇരയായവർ പറയുന്നു.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ബൈസാർ അൽഗ ഗ്രാമത്തിൽ ജില്ലാ ഭരണകൂടം ഭൂമി അനുവദിച്ചിരുന്നുവെങ്കിലും, ഈ പ്രദേശം ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശമായതിനാൽ അങ്ങോട്ട് മാറിത്താമസിക്കാൻ സാധ്യമല്ലെന്ന് പ്രദേശവാസികൾ അറിയിച്ചിരുന്നു.

2016ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിരവധി ഒഴിപ്പിക്കൽ നടപടികൾ നടന്നിട്ടുണ്ടെന്നും ഇത്തരം സംഘർഷങ്ങൾക്കിടയിൽ ഇതുവരെ 8 പേർ വെടിയേറ്റ് മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Adani Plant On Evicted Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.