വിദ്യാർഥി മരിച്ച സംഭവം; ഐ.ഐ.ടി ബോംബെയിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു
മുംബൈ: ഐ.ഐ.ടി ബോംബെയിൽ വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ ആരംഭിച്ച സമരത്തെ തുടർന്ന് വിദ്യാർഥികൾ ഉന്നയിച്ച 18 ഇന ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ ഒപ്പുവെച്ച് ഡയറക്ടർ ശിരീഷ് കേദാരേ. മൂന്ന് ദിവസമായി തുടർന്ന കടുത്ത പ്രതിഷേധത്തിനൊടുവിൽ ഞാറാഴ്ച രാത്രിയാണ് വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് മുമ്പിൽ ഡയറക്ടർ മുട്ടുമടക്കിയത്. കാമ്പസ് കവാടത്തിൽ വിദ്യാർഥികൾ ശക്തമായ ഉപരോധം തുടർന്നതോടെയാണ് മാനേജ്‌മെന്റ് ഒത്തുതീർപ്പിന് നിർബന്ധിതരായത്.
സാഹിൽ എന്ന വിദ്യാർഥിയുടെ മരണത്തെക്കുറിച്ച് ഒക്ടോബർ 15നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക, നിർദേശിച്ച പരിഷ്കാരങ്ങൾ ഒരു മാസത്തിനകം നടപ്പിലാക്കിയില്ലെങ്കിൽ ഡയറക്ടർ രാജിവെക്കുക , കുറ്റാരോപിതനായ അധ്യാപകനെ സസ്പെൻഡ് ചെയ്യുക എന്നിവയാണ് ചാർട്ടറിലെ പ്രധാന ആവശ്യങ്ങൾ. ഇതിന് പുറമെ കാമ്പസിലെ വിദ്യാർഥികളുടെ മാനസിക സമ്മർദം കുറക്കുന്നതിനായി പ്രൊഫസർമാർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരിക, ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലിൽ 24 മണിക്കൂറും സൈക്യാട്രിസ്റ്റ് സേവനം ലഭ്യമാക്കുക, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാതിരിക്കുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാഹിലിനെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പരീക്ഷക്കിടെ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതിന് സാഹിൽ പിടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ മൂന്ന് മാസമായി സാഹിൽ കടുത്ത മാനസിക പീഡനവും ജാതീയ അധിക്ഷേപങ്ങളും അനുഭവിച്ചിരുന്നുവെന്നും കാമ്പസിന്റെ ശിരീഷ് കേദാരേയാണ് ഇതിനു പ്രധാന കാരണമെന്നും ആരോപിച്ച് സഹിലിന്റെ കുടുംബം പരാതി നൽകിയിരുന്നു. ബി.എൻ.എസ്, എസ്.സി/എസ്.ടി പീഡന നിരോധന നിയമം എന്നിവ പ്രകാരം മുംബൈ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണം നിലവിൽ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.