'അയാളുടെ നിറം കണ്ടാൽ ആ ജാതിയാണെന്ന് തോന്നില്ല'; ശാരീരിക ഘടന ഒരു വ്യക്തിയുടെ ജാതി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമല്ല, വിമർശിച്ച് മദ്രാസ് ഹൈകോടതി
ചെന്നൈ: ഒരു വ്യക്തിയുടെ ചർമ്മത്തിന്‍റെ നിറം, ഉയരം, ശാരീരിക ഘടന, സംസാരിക്കുന്ന ഭാഷ, മുടിയുടെ സ്വഭാവം എന്നിവ നോക്കി അയാൾ ഏത് സമുദായത്തിൽ പെടുന്നുവെന്ന് തീരുമാനിക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പട്ടികജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയ ജില്ലാതല വിജിലൻസ് സമിതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി ഭരത ചക്രവർത്തിയുടെ ഈ സുപ്രധാന നിരീക്ഷണം. എം. രവികുമാർ എന്ന വ്യക്തിയുടെ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
തിരുവണ്ണാമലൈ ജില്ലാതല വിജിലൻസ് സമിതി രവികുമാറിന്‍റെ സമുദായ സർട്ടിഫിക്കറ്റിന്‍റെ സാധുത പരിശോധിച്ച രീതിയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. അപേക്ഷകനും കുടുംബാംഗങ്ങളും വെളുത്ത നിറമുള്ളവരാണെന്നും പുരുഷന്മാർ നല്ല ഉയരവും ശാരീരികക്ഷമതയുമുള്ളവരാണെന്നും, തമിഴും ഇംഗ്ലീഷും നന്നായി സംസാരിക്കുമെന്നും, ചുരുണ്ട മുടിയാണെന്നുമുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത കാരണങ്ങൾ നിരത്തിയാണ് സമിതി അദ്ദേഹത്തിന്‍റെ ജാതി സർട്ടിഫിക്കറ്റ് തള്ളിക്കളഞ്ഞത്. ഇത് യാതൊരു നരവംശശാസ്ത്രപരമായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാരനായ എം. രവികുമാറിന്‍റെ പിതാവ് യഥാർത്ഥത്തിൽ ഹിന്ദു ആദി ദ്രാവിഡ വിഭാഗത്തിൽ പെട്ടയാളായിരുന്നുവെങ്കിലും 1960-ൽ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. തുടർന്ന് 1966-ൽ ക്രിസ്തീയ കുടുംബത്തിലാണ് രവികുമാർ ജനിച്ചത്. എന്നാൽ 1983-ൽ പിതാവും മകനും വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ചെന്നൈയിലെ ആര്യസമാജം കേന്ദ്രീകരിച്ചായിരുന്നു ഈ പുനർമതപ്രവേശന ചടങ്ങുകൾ നടന്നത്. ഇതിനുശേഷം 1986-ൽ രവികുമാർ സമുദായ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും കസ്റ്റംസ് വകുപ്പിൽ അസിസ്റ്റൻ്റ് കമ്മീഷണറായി ജോലി നേടുകയും ചെയ്തു. എന്നാൽ അദ്ദേഹം വിരമിക്കാൻ തൊട്ടുമുമ്പുള്ള സമയത്താണ് ഈ സർട്ടിഫിക്കറ്റിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടത്.
താൻ ഇപ്പോഴും ഹിന്ദുമതം തന്നെയാണ് പിന്തുടരുന്നതെന്ന് തെളിയിക്കാനായി കുടുംബാംഗങ്ങളുടെ വിവാഹചടങ്ങുകളും മറ്റ് ആചാരങ്ങളും ഹിന്ദു ആചാരപ്രകാരമാണ് നടത്തിയതെന്ന് രവികുമാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെ മതപരിവർത്തനത്തിന് ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ആ സമുദായം അവരെ അംഗീകരിക്കുകയും ചെയ്താൽ അവർക്ക് ആ ജാതിയുടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കുന്ന സുപ്രധാന സുപ്രീം കോടതി വിധി ഹൈക്കോടതി ഈ കേസിൽ എടുത്തുപറഞ്ഞു.
സർട്ടിഫിക്കറ്റിന്‍റെ അന്തിമ സാധുത കോടതി ഇപ്പോൾ പൂർണ്ണമായി തീർപ്പുകൽപ്പിച്ചിട്ടില്ലെങ്കിലും വിജിലൻസ് സമിതിയുടെ മുൻ ഉത്തരവ് റദ്ദാക്കി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹിന്ദു മതാചാരങ്ങൾ പാലിക്കുന്നുണ്ടെന്നും സമുദായം തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ രവികുമാറിന് നാല് ആഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. കൂടാതെ രേഖകൾ പരിശോധിച്ച ശേഷം എട്ട് ആഴ്ചക്കകം പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ വിജിലൻസ് സമിതിക്കും കോടതി നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.