പ്രതീകാത്മക ചിത്രം 

സുരക്ഷിത സ്പർശം കുട്ടികളെ പഠിപ്പിക്കണം :സുപ്രീംകോടതി

ന്യൂഡൽഹി: പ്രാഥമിക വിദ്യാഭ്യാസഘട്ടം മുതൽ തന്നെ കുട്ടികളെ സ്വന്തം ശരീരത്തെക്കുറിച്ച് ബോധവത്കരിക്കണമെന്നും സുരക്ഷിത സ്പർശം (Safe Touch), അരക്ഷിത സ്പർശം (Unsafe Touch) എന്നിവ പഠിപ്പിക്കണമെന്നും സുപ്രീംകോടതി. സമ്മതത്തിന്റെ (Consent) പ്രാധാന്യവും മറ്റുള്ളവരുടെ വ്യക്തിത്വത്തോടും സ്വകാര്യതയോടും ബഹുമാനം പുലർത്തേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധവത്കരിക്കണം.

കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണ സാമഗ്രികൾ തടയുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിർദേശങ്ങൾ. ഇൗ വിഷയത്തിൽ കൈക്കൊള്ളേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

സ്കൂളുകളിൽ പ്രായത്തിനനുസൃതമായ ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷ പരിശീലനവും ഉൾപ്പെടുത്തണമെന്നും കുട്ടികളെ ലക്ഷ്യമിട്ടുള്ള ഗ്രൂമിങ്, ലൈംഗിക ചൂഷണം, ഓൺലൈൻ പീഡനം എന്നിവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകണമെന്നും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷ ബോധവത്കരണവും പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളായതിനാൽ അവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഓൺലൈൻ ചൂഷണം, ലൈംഗിക ഭീഷണി തുടങ്ങിയവ തിരിച്ചറിയാനുള്ള പരിശീലനം കുട്ടികൾക്ക് നൽകണം.

കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളുടെ പ്രചാരണം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക പ്ലാറ്റ്ഫോമുകളും ഏകോപിതമായി പ്രവർത്തിക്കണം. ഓൺലൈൻ ബാല ലൈംഗിക ചൂഷണ ഉള്ളടക്കത്തിനെതിരെ സ്വീകരിച്ച നടപടികളുടെ പുരോഗതി സംബന്ധിച്ച് കേന്ദ്രസർക്കാർ ഡിസംബർ 10നകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഉത്തരവിട്ടു.

സുപ്രീംകോടതിയുടെ പ്രധാന നിർദേശങ്ങൾ

  • അധ്യാപകരും മറ്റ് ജീവനക്കാരും ഗ്രൂമിങ്, ലൈംഗിക ചൂഷണം, ഓൺലൈൻ പീഡനം എന്നിവയുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും കുട്ടികൾ പരാതി നൽകുമ്പോൾ ഉചിതമായി പ്രതികരിക്കുന്നതിനും പരിശീലനം നേടണം.
  • പോക്‌സോ നിയമം, വിവരസാങ്കേതിക നിയമം എന്നിവയും കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യവസ്തുക്കൾ കാണുന്നതും സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന കാര്യവും കുട്ടികളെ പഠിപ്പിക്കണം
  • അപകടകരമായ സാഹചര്യം നേരിടുമ്പോൾ ആരെ സമീപിക്കണം, പരാതി എങ്ങനെ നൽകണം തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കണം.
  • പോക്‌സോ നിയമപ്രകാരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യതയെക്കുറിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോധവത്കരണം നൽകണം.
  • ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും ലൈബ്രറികളിലും കമ്പ്യൂട്ടർ ലാബുകളിലും ചൈൽഡ് ഹെൽപ് ലൈൻ 1098, സൈബർ ക്രൈം ഹെൽപ് ലൈൻ 1930 എന്നിവയുടെ വിവരങ്ങൾ പ്രദർശിപ്പിക്കണം.
  • സ്കൂൾ, കോളജ് നെറ്റ്‌വർക്കുകളിൽ ഹാനികരമായ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം തടയാൻ ഫിൽട്ടറിങ് സംവിധാനങ്ങൾ ഏർപ്പെടുത്തണം.
  • മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം.
  • എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അനുയോജ്യമായ ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും ഉൾപ്പെടുത്തിയ അടിസ്ഥാന പാഠ്യപദ്ധതി തയാറാക്കണം.
Tags:    
News Summary - Supreme Court Calls for Safe Touch Education in Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.