മോർച്ചറിയിൽ 'മദ്യപാന സദസ്സ്'; ഡോക്ടർക്ക് സസ്പെൻഷൻ- VIDEO

പൂനെ: മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ആശുപത്രി മോർച്ചറിയിൽ മദ്യപാന സദസ്സ് സംഘടിപ്പിച്ച സംഭവത്തിൽ മെഡിക്കൽ ഓഫിസർക്ക് സസ്പെൻഷൻ. പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷന് (പിസിഎംസി) കീഴിലുള്ള യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (വൈസിഎം) ആശുപത്രിയിലെ ഡോക്ടർ വൈഭവ് അവിനാഷ് മസ്‌കെയ്ക്കെതിരെയാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

ബന്ധുവിന്റെ മരണ സർട്ടിഫിക്കറ്റിനായി വ്യാഴാഴ്ച രാത്രി മുഴുവൻ കാത്തിരുന്ന വ്യക്തിയാണ് സംഭവം പുറത്തെത്തിച്ചത്. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം മുറിയിലേക്ക് എത്തി നോക്കിയ ബന്ധു കണ്ടത് മദ്യലഹരിയിലായിരുന്ന ഡോക്ടറെയാണ്. ടേബിളിൽ ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും നിരത്തിവെച്ച നിലയിലായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ സംഭവം വൻ വിവാദമായി മാറുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഡീഷണൽ കമ്മീഷണർ കുൽദീപ് ജംഗം വെള്ളിയാഴ്ച വൈകുന്നേരത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർക്കും ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുൻസിപ്പൽ കമ്മീഷണർ വിജയ് സൂര്യവംശി ഡോക്ടറെ ഉടനടി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. 15 ദിവസത്തിനകം ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും വകുപ്പുതല അന്വേഷണം പൂർത്തിയാക്കുകയും ചെയ്യും.

സസ്പെൻഷൻ കാലയളവിൽ പിംപ്രി ആസ്ഥാനം വിട്ടുപോകരുതെന്നും മറ്റ് ജോലികളിലോ ബിസിനസുകളിലോ ഏർപ്പെടരുതെന്നും ഡോക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുക്കൾ മണിക്കൂറുകളോളം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാത്തുനിൽക്കുന്ന കേന്ദ്രത്തിൽ നടന്ന ഈ സംഭവം നഗരസഭാ ആശുപത്രിയുടെ നിരീക്ഷണ സംവിധാനങ്ങൾക്കെതിരെയും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags:    
News Summary - Doctor Suspended for Drinking Alcohol Inside Hospital Mortuary in Pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.