സൗരവിനെയും അശുതോഷിനെയും മോചിപ്പിച്ചില്ല, ജയിലിൽ ഒരു ദിവസം കൂടുതൽ കിടത്തി; സ്പെഷൽ മജിസ്ട്രേറ്റ് എത്തിയില്ല

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ സ്പേഷൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ റിമാൻഡ് ഉത്തരവിനേക്കാൾ ഒരു ദിവസം കൂടുതൽ ജയിലിൽ കിടത്തി. സ്പെഷൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ അന്യായ നടപടിയാണ് കാലതാമസത്തിന് കാരണമെന്നും നാല് ജാമ്യക്കാരെ അവ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയതായും സി.ജെ.പി വക്താവ് രത്ന സിംഗ് ആരോപിച്ചു.

അതേസമയം സമരസ്ഥലമല്ലാതാക്കിയ ജന്തർ മന്തറിലേക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു-ഐ ഞായറാഴ്ചയും മാർച്ച് നടത്തി. ഡൽഹി പൊലീസ് മാർച്ച് തടഞ്ഞ് സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി.

രാവിലെ 11 മുതൽ താൻ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നുവെന്നും ഉച്ചക്ക് 12 മണിക്കായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നതെന്നും രത്ന സിംഗ് പറഞ്ഞു. എന്നാൽ വൈകീട്ട് 4.42 വരെയും സ്പെഷൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പദവിയുള്ള അസിസ്റ്റന്റ് പൊലീസ് കമീഷണർ മന്ദിർ മാർഗ് സ്റ്റേഷനിൽ എത്തിയില്ല. ഇത് അതീവ ആശങ്കജനകമാണ്. ഇതുവരെ നാല് ജാമ്യക്കാരെ അവ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ എഫ്.ഐ.ആർ ഉള്ളവരെ ക്രിമിനൽ പശ്ചാത്തലമുള്ളവരായി ചിത്രീകരിക്കുകയാണെന്നും രത്ന സിംഗ് കുറ്റപ്പെടുത്തി.

സർക്കാർ മനഃപൂർവം നടപടിക്രമങ്ങൾ വൈകിപ്പിച്ച് ദാസിനെയും റങ്കയെയും കസ്റ്റഡിയിൽ തുടരാൻ ശ്രമിക്കുകയാണെന്ന് ഉപാധികളോടെ കസ്റ്റഡിയിൽനിന്ന് മോചിതനായ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും എക്സിലെ പോസ്റ്റിലൂടെ വിമർശിച്ചു. അശുതോഷിനെയും സൗരവിനെയും നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത നില തുടരാൻ സർക്കാർ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച് കോടതി നടപടികൾ വൈകിപ്പിക്കുകയും അവരുടെ മോചനം തടയുകയും ചെയ്യുകയാണ്. ഇവരെ ജയിലിൽ വെക്കാൻ നിയമപരമായ കാരണമില്ലാത്തത് കൊണ്ടാണ് ഇത്തരം കാലതാമസ തന്ത്രങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും മോചിപ്പിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. ഇതിനായി മുതിർന്ന അഭിഭാഷകനായ കപിൽ സിബലുമായി കൂടിയാലോചന നടത്തിയതായും അവർ വ്യക്തമാക്കി.

ജന്തർ മന്തർ റോഡിൽ എൻ.എസ്.യു-ഐ മാർച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു -ഐ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തി.

എന്നാൽ എൻ.എസ്.യു -ഐ ആസ്ഥാനത്തിന് 100 മീറ്റർ അകലെ ബാരിക്കേഡുകൾ നിരത്തി ഡൽഹി പൊലീസ് മാർച്ച് തടഞ്ഞു. ‘ഉംഗ്ലി തോ ഉഠേഗി-ഹല്ലാബോൾ മാർച്ചി’ന് ദേശീയ പ്രസിഡന്റ് വിനോദ് ഝാക്കർ നേതൃത്വം നൽകി. ഉച്ചക്ക് ശേഷം 2.30ഓടെ ന്യൂഡൽഹിയിലെ എൻ.എസ്.യു -ഐ ദേശീയ ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാർച്ച് ജന്തർ മന്തർ റോഡിലേക്ക് കടന്നയുടൻ തടയുകയായിരുന്നു.

പൊലീസ് അതിക്രമത്തിനിരയായ മലയാളി ആതിരയടക്കമുള്ള നിരവധി നേതാക്കളും പ്രവർത്തകരും പൊലീസ് ബാരിക്കേഡുകൾക്ക് മുമ്പിൽ കയറി അവ ഭേദിക്കാൻ ശ്രമം നടത്തി. അപ്പുറത്തേക്ക് ചാടിക്കടന്നരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. മറ്റുള്ളവരെ വടമുപയോഗിച്ച് പൊലീസ് തള്ളിമാറ്റി.

Tags:    
News Summary - Sourav and Ashutosh were not released from jail and were kept there for an extra day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.