ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐയുടെ ‘ഹല്ലാബോൽ’ മാർച്ച്
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) ‘ഹല്ലാബോൽ’ മാർച്ച് സംഘടിപ്പിച്ചു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത സംബന്ധിച്ച ആശങ്കകളും ഉയർത്തിയാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.
വോട്ടർപട്ടികയിൽനിന്ന് അർഹരായവരുടെ പേരുകൾ നീക്കം ചെയ്തതായും തിരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേടുകൾ നടന്നതായും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമീഷൻ വ്യക്തമായ മറുപടി നൽകണമെന്നും വോട്ടവകാശം സംരക്ഷിക്കണമെന്നും എൻ.എസ്.യു.ഐ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സംഘടന.
എൻ.എസ്.യു.ഐയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നേരത്തെയും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധങ്ങൾക്കിടെ ദേശീയ അധ്യക്ഷൻ വിനോദ് ജാഖർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും വിവാദമായിരുന്നു. വനിതാ പ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണവും സംഘടന ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സംഭവങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെച്ചൊല്ലി കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും തിരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.