ടാറ്റ-മിസ്ട്രി ഭിന്നത: കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്കര്‍ ഭട്ട് രാജിവെച്ചു

ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയും സൈറസ് മിസ്ട്രിയും തമ്മിലുള്ള പോരില്‍ പുതിയ വഴിത്തിരിവ്. ടാറ്റ കെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ സൈറസ് മിസ്ട്രിക്ക് സ്വതന്ത്ര ഡയറക്ടര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിറകെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഭാസ്കര്‍ ഭട്ട് രാജിവെച്ചു. ടാറ്റ ഗ്രൂപ്പിന്‍െറ മറ്റൊരു കമ്പനിയായ ടൈറ്റാന്‍െറ മാനേജിങ് ഡയറക്ടര്‍കൂടിയാണ് ഭട്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ താന്‍ ഉന്നയിച്ച ആശങ്കകള്‍ അവഗണിക്കപ്പെട്ടു എന്നാരോപിച്ചാണ് ഭട്ടിന്‍െറ രാജി. ചെയര്‍മാന്‍ സൈറസ് മിസ്ട്രിയില്‍ ടാറ്റ സണ്‍സിന് വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയില്‍ ടാറ്റ കെമിക്കല്‍സ് ഭീഷണിയിലാണെന്ന് യോഗത്തില്‍ ഭട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തന്‍െറ വിമര്‍ശനത്തിന്‍െറ സത്ത ചോര്‍ത്തിക്കളഞ്ഞാണ് യോഗശേഷം ഡയറക്ടര്‍ ബോര്‍ഡ് പ്രസ്താവനയിറക്കിയതെന്ന് ഭട്ട് മിസ്ട്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ടാറ്റ കെമിക്കല്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ട്രി ഒഴിയണമെന്നും പകരം ഒരു സ്വതന്ത്ര ഡയറക്ടര്‍ യോഗത്തില്‍ അധ്യക്ഷസ്ഥാനം വഹിക്കണമെന്നും ഭട്ട് ആവശ്യപ്പെട്ടിരുന്നു. ടാറ്റയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് ഭാസ്കര്‍ ഭട്ട്. മിസ്ട്രിക്കുമേലുള്ള ടാറ്റയുടെ സമ്മര്‍ദം ശക്തമാക്കാനാണ് ഭട്ടിന്‍െറ രാജിയെന്ന് സൂചനയുണ്ട്.

വ്യാഴാഴ്ച ചേര്‍ന്ന ടാറ്റ കെമിക്കല്‍സിന്‍െറ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് സ്വതന്ത്ര ഡയറക്ടര്‍മാര്‍ മിസ്ട്രി ചെയര്‍മാനായി തുടരുന്നതിന് പിന്തുണ പ്രഖ്യാപിച്ചത്. സ്വതന്ത്ര ഡയറക്ടര്‍മാരില്‍ വാഡിയ ഗ്രൂപ് ചെയര്‍മാന്‍ നുസ്ലി വാഡിയ, ഡി.സി.ബി ബാങ്ക് ചെയര്‍മാന്‍ നാസര്‍ മുന്‍ജി, മുന്‍ നബാര്‍ഡ് ചെയര്‍മാന്‍ വൈ.എസ്.പി തോറട്ട് തുടങ്ങിയവരുള്‍പ്പെടുന്നു. മിസ്ട്രിക്ക് പിന്തുണ നല്‍കുന്ന നുസ്ലി വാഡിയക്കെതിരായ നീക്കവും ടാറ്റ ശക്തമാക്കിയിട്ടുണ്ട്. ടാറ്റ കെമിക്കല്‍സ് ബോര്‍ഡ് യോഗത്തില്‍ മിസ്ട്രിക്ക് അനുകൂലമായി സ്വതന്ത്ര ഡയറക്ടര്‍മാരെക്കൊണ്ട് തീരുമാനമെടുപ്പിച്ചത് നുസ്ലി വാഡിയയാണ്.

ജെ.ആര്‍.ഡി ടാറ്റയുടെ കൊച്ചുമകനായ നുസ്ലി വാഡിയ വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ അടുത്ത സുഹൃത്തായിരുന്നു. ഈയിടെയാണ് വാഡിയ മിസ്ട്രിയോട് അടുത്തത്. ബോംബെ ഡൈയിങ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ചെയര്‍മാനായ വാഡിയ 10 വര്‍ഷമായി ടാറ്റ കെമിക്കല്‍സില്‍ സ്വതന്ത്ര ഡയറക്ടറാണ്. ടാറ്റ സണ്‍സിന്‍െറ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയശേഷവും മിസ്ട്രി ടാറ്റ ഗ്രൂപ്പിനു കീഴിലെ വിവിധ കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയാണ്.

അതിനിടെ, ടാറ്റ സണ്‍സിന്‍െറ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മിസ്ട്രിയെ നീക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനായി അസാധാരണ പൊതുയോഗം ചേരാനാണ് നീക്കം. നേരത്തേ, ടാറ്റ ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിലെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ യോഗം ചേര്‍ന്ന് മിസ്ട്രിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

Tags:    
News Summary - tata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.