നവജാത ശിശുവിന്‍റെ മൃതദേഹം പിതാവ് കാർഡ്ബോർഡ് പെട്ടിയിലാക്കി നാട്ടിലെത്തിച്ചു; ഝാർഖണ്ഡിൽ സർക്കാർ ആശുപത്രിക്കെതിരെ അന്വേഷണം

റാഞ്ചി: നവജാത ശിശുവിന്‍റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി നാട്ടിലെത്തിക്കേണ്ടിവന്ന സംഭവത്തിൽ സർക്കാർ ആശുപത്രിക്കെതിരെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. ഝാർഖണ്ഡിലാണ് സംഭവം. രാമകൃഷ്ണ ഹേംബ്രോമിന്‍റെയും റിയ തിരിയയുടെയും കുഞ്ഞാണ് ജനിച്ച് നിമിഷങ്ങൾക്കകം മരണപ്പെട്ടത്. മാർച്ച് അഞ്ചിനാണ് റിയയെ ചക്രദ്പൂർ സബ് ഡിവിഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുഞ്ഞിന്‍റെ മരണശേഷം പിതാവ് മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കിയാണ് നാട്ടിലെത്തിച്ചത്. മൃതദേഹം കൊണ്ടുവരാൻ ആംബുലൻസോ മറ്റ് സൗകര്യങ്ങളോ ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും അതിനാൽ ഓട്ടോറിക്ഷയിലാണ് മൃതദേഹവുമായി വന്നതെന്നും കുഞ്ഞിന്‍റെ പിതാവ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി (ആരോഗ്യം) അജോയ് സിങ് പറഞ്ഞു. മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കുറവായിരുന്നെന്നും മാതാവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഡ്യൂട്ടി ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

'ചികിത്സ ആരംഭിച്ചു. പക്ഷേ മാർച്ച് 7 ന് രാവിലെ നടത്തിയ പതിവ് പരിശോധനയിൽ കുഞ്ഞിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. ഉടൻ തന്നെ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയയാക്കി. എന്നാൽ പരിശോധന പൂർത്തിയാക്കുന്നതിന് മുമ്പ് പ്രസവവേദന ആരംഭിച്ചു. സബ് ഡിവിഷനൽ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. അവിടെ കുഞ്ഞ് ജനിച്ചു'- ഡോക്ടർ പറഞ്ഞു. മാതാവിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുബം ആശുപത്രി അധികൃതരെ സമീപിച്ചിട്ടില്ലെന്നും കാർഡ്ബോർഡ് പെട്ടിയിൽ മൃതദേഹം കൊണ്ടുപോകുന്ന വിഡിയോ പ്രചരിച്ചതോടെയാണ് വിഷയത്തെ പറ്റി അറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബം സ്വന്തം ഇഷ്ടപ്രകാരമാണ് അത്തരമൊരു കാര്യം ചെയ്തതെന്നും ആംബുലൻസിന് വേണ്ടിയോ മറ്റ് ആവശ്യങ്ങൾക്കോ സമീപിച്ചിട്ടില്ലെന്നും അപ്രകാരം ചെയ്തിരുന്നെങ്കിൽ നിശ്ചയമായും സൗകര്യം ഏർപ്പെടുത്തിയേനെ എന്നും ഡോക്ടർ പറഞ്ഞു. ഇനി ഇത്തരമൊരു സംഭവം ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Father brings newborn’s body home in a cardboard box; probe against government hospital in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.