നേഹാ സിങ് റാത്തോഡ്

ബിജെപിയുടെ 'ഗോദി മീഡിയ' തന്ത്രം പൊളിഞ്ഞു; വ്യാജവാർത്താ വിവാദത്തിൽ എബിപിക്കെതിരെ നേഹാ സിങ് റാത്തോഡ് കോടതിയിലേക്ക്

ന്യൂഡൽഹി: പ്രമുഖ ഭോജ്പൂരി നാടൻപാട്ട് ഗായികയും രാഷ്ട്രീയ ആക്ഷേപഹാസ്യ കലാകാരിയുമായ നേഹാ സിങ് റാത്തോഡിനെതിരായി സംപ്രേഷണം ചെയ്ത വ്യാജവാർത്തയിൽ പരസ്യമായി മാപ്പുപറഞ്ഞ് എബിപി നെറ്റ്‍വർക്ക് (ABP Network). എന്നാൽ, മാപ്പപേക്ഷ തള്ളിയ നേഹാ സിങ് റാത്തോഡ്, മാധ്യമസ്ഥാപനത്തിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്നും വിഷയം കോടതിയിൽ നേരിടുമെന്നും വ്യക്തമാക്കി.

ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിലാണ് എബിപി ന്യൂസ് ഡിജിറ്റൽ പ്ലാറ്റ്‍ഫോം നേഹാ സിങ് റാത്തോഡിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഗായിക രംഗത്തെത്തി. തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും മനഃപൂർവം അധിക്ഷേപിക്കാനുള്ള ശ്രമമാണിതെന്ന് നേഹാ ആരോപിച്ചു. ഭരണകൂടത്തോടും അധികാരികളോടും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്റെ ശ്രദ്ധതിരിക്കാനും സ്വഭാവഹത്യ നടത്താനുമാണ് ഇത്തരം വ്യാജ റിപ്പോർട്ടുകളിലൂടെ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് നേഹ തുറന്നടിച്ചു. വിഷയത്തിൽ ദേശീയ വനിതാ കമീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേഹ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.

വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തതോടെ എബിപി നെറ്റ്‍വർക്ക് തങ്ങളുടെ ഡിജിറ്റൽ ഹാൻഡിലുകളിൽ നിന്ന് വാർത്ത പൂർണമായും പിൻവലിച്ചു. തുടർന്ന് ഔദ്യോഗിക 'X' (ട്വിറ്റർ) അക്കൗണ്ടിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയും പുറത്തിറക്കി.

'ഭോജ്പൂരി നാടൻപാട്ട് ഗായിക നേഹാ സിങ് റാത്തോഡുമായി ബന്ധപ്പെട്ട് എബിപി നെറ്റ്‍വർക്കിന്റെ ഡിജിറ്റൽ പ്ലാറ്റ്‍ഫോമിൽ സംപ്രേഷണം ചെയ്ത വാർത്ത വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റായ രീതിയിൽ വാർത്ത നൽകിയതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുകയും ആത്മാർത്ഥമായി മാപ്പുപറയുകയും ചെയ്യുന്നു.' -എബിപി നെറ്റ്‍വർക്ക്.

എന്നാൽ, എബിപി ന്യൂസ് പരസ്യമായി ഖേദപ്രകടനം നടത്തിയെങ്കിലും മാപ്പപേക്ഷ സ്വീകരിക്കാൻ നേഹാ സിങ് റാത്തോഡ് തയ്യാറായില്ല. തനിക്കുണ്ടായ മാനസികവിഷമത്തിനും വ്യക്തിപരമായ അപമാനത്തിനും വെറുമൊരു സോറി കൊണ്ട് പരിഹാരമാകില്ലെന്ന് അവർ വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിലെ ഉത്തരവാദിത്തമില്ലായ്മക്കും മാധ്യമ വിചാരണയ്ക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും, കേസ് ഇനി കോടതിയിൽ നേരിടുമെന്നും നേഹ അറിയിച്ചു.

ഭോജ്പൂരി ഭാഷയിൽ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ഗാനങ്ങൾ രചിച്ചു പാടുന്ന നേഹാ സിങ് റാത്തോഡ്, 'യുപി മേ കാ ബാ?' (യു.പിയിൽ എന്താണ് നടക്കുന്നത്?) എന്ന ജനപ്രിയ ഗാന പരമ്പരയിലൂടെയാണ് രാജ്യശ്രദ്ധ നേടിയത്. മുമ്പ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സംഭവത്തെയും കാൺപൂർ ദുരന്തത്തെയും കുറിച്ച് പാടിയതിന് പൊലീസ് നേഹക്ക് തുടർച്ചയായി നോട്ടീസുകൾ അയച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചകളെയും വർഗീയ രാഷ്ട്രീയത്തെയും ചോദ്യം ചെയ്യുന്ന നിരവധി പാട്ടുകളിലൂടെ അവർ നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നു. പ്രതിപക്ഷ നേതാക്കൾക്കും സ്വതന്ത്ര ശബ്ദങ്ങൾക്കും നേരെ നടക്കുന്ന മാധ്യമ വിചാരണകളുടെയും വ്യാജ പ്രചാരണങ്ങളുടെയും തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവവും വിലയിരുത്തപ്പെടുന്നത്. 

Tags:    
News Summary - ABP News Issues Public Apology Over False Story, But Neha Singh Rathore Demands Justice in Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.