സൗമ്യ റെഡ്ഡി, രാമലിംഗ റെഡ്ഡി

മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ല; കർണാടകയിൽ മന്ത്രിയുടെ മകൾ മഹിള കോൺഗ്രസ് അധ്യക്ഷപദവി രാജിവെച്ചു

ബംഗളൂരു: കർണാടക മന്ത്രിസഭയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സൗമ്യ റെഡ്ഡി രാജിവെച്ചു. സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് മുൻ എം.എൽ.എ കൂടിയായ സൗമ്യ റെഡ്ഡി.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയിൽ വനിതകൾക്ക് അവസരം നൽകാത്തത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നേരത്തെയും വലിയ അമർഷത്തിന് കാരണമായിരുന്നു. ഇക്കാര്യത്തിൽ പലതവണ ചർച്ചകൾ നടന്നെങ്കിലും വനിതകൾക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല.

കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. വനിതകൾക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് താനാണ് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തുടർന്ന് വനിതകൾക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകുകയും ചെയ്തതാണ്. എന്നാൽ, ഇതുവരെയും മന്ത്രിസഭയിൽ വനിതകൾക്ക് അവസരം നൽകാത്തതാണ് സൗമ്യ റെഡ്ഡിയുടെ രാജിയിലേക്ക് നയിച്ചത്.

രാജിക്കത്ത് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ചതായി അവർ വ്യക്തമാക്കി. പാർട്ടിയുടെ നന്മ മുൻനിർത്തി, കർണാടക പ്രദേശ് മഹിള കോൺഗ്രസ് ഘടകത്തിലേക്ക് പുതിയ അധ്യക്ഷരെ നിയമിക്കുന്നത് വരെ താൻ ഈ പദവിയിൽ തുടരുമെന്ന് സൗമ്യ റെഡ്ഡി പറഞ്ഞു.

അധ്യക്ഷസ്ഥാനം രാജിവെച്ചെങ്കിലും കോൺഗ്രസ് പാർട്ടിയുടെ വിശ്വസ്തയായ പ്രവർത്തകയായി തുടർന്നും പ്രവർത്തിക്കുമെന്നും കത്തിൽ പറയുന്നു. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടിയുടെ വിജയത്തിനായി ആത്മാർഥമായി പ്രയത്നിക്കുമെന്നും ഉറപ്പുനൽകി.

ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ രണ്ട് തവണ മന്ത്രിസഭ വികസിപ്പിച്ചപ്പോഴും വനിതകളെ ഉൾപ്പെടുത്താനായില്ല. നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ 33 മന്ത്രിമാരുണ്ട്. നിയമസഭയുടെ അംഗബലം അനുസരിച്ച് 35 പേർക്ക് മന്ത്രിമാരാകാൻ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.