നടാഷ നർവാൾ
യു.എ.പി.എ ചുമത്തിയെന്നത് വിദേശയാത്രയ്ക്കുള്ള സമ്പൂർണ വിലക്കല്ല; നടാഷ നർവാളിന് യുകെയിലേക്ക് പോകാൻ ഹൈകോടതി അനുമതി
ന്യൂഡൽഹി: യു.എ.പി.എ പ്രകാരം ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടു എന്നത് ഒരു വ്യക്തിയുടെ വിദേശയാത്രയ്ക്കുള്ള അവകാശത്തിന്മേലുള്ള സമ്പൂർണ വിലക്കല്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈകോടതി. ഡൽഹി കലാപക്കേസ് കുറ്റാരോപിതയും 'പഞ്ച്റ തോഡ്' പ്രവർത്തകയുമായ നടാഷ നർവാളിന് അക്കാദമിക് ആവശ്യങ്ങൾക്കായി യുക്കെയിലേക്ക് യാത്ര ചെയ്യാൻ ഹൈകോടതി അനുമതി നൽകി. വിദേശയാത്ര തടഞ്ഞ വിചാരണ കോടതിയുടെ ഒക്ടോബർ ആറിലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ബൻസാൽ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
യുകെയിലെ വാർവിക്ക് സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുന്ന നടാഷയ്ക്ക്, ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നതിനും സൂപ്പർവൈസർമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനുമാണ് അനുമതി നൽകിയത്. 'ജെൻഡേർഡ് കാർസെറൽ ലേബർ ആസ് സോഷ്യൽ റീപ്രൊഡക്ഷൻ' എന്ന തലക്കെട്ടിലുള്ള ഗവേഷണ പ്രബന്ധമാണ് കോൺഫറൻസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
'വിചാരണ പൂർത്തിയാകാൻ സമയമെടുക്കും; ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല'
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും സഹോദരന്റെ ആൾജാമ്യവും വ്യവസ്ഥ ചെയ്താണ് കോടതി വിദേശയാത്ര അനുവദിച്ചത്. യാത്രയ്ക്കിടയിൽ യുകെയിൽ രാഷ്ട്രീയ അഭയം തേടരുതെന്നും, തനിക്കെതിരായ കേസുകളെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്തരുതെന്നും കോടതി കർശന നിർദ്ദേശം നൽകി
നടാഷയ്ക്ക് വിദേശത്തേക്ക് പോകാൻ അനുമതി നൽകരുതെന്നും, വീഡിയോ കോൺഫറൻസ് വഴി അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാമെന്നും ചൂണ്ടിക്കാട്ടി ഡൽഹി പൊലീസും പ്രോസിക്യൂഷനും അപേക്ഷയെ ശക്തമായി എതിർത്തിരുന്നു. നടാഷ യുകെയിൽ അഭയം തേടിയാൽ അത് നിയമനടപടികളെ ബാധിക്കുമെന്നായിരുന്നു പോലീസിന്റെ വാദം.
എന്നാൽ 2023 ഒക്ടോബർ മുതൽ നടാഷ ഓൺലൈൻ വഴിയാണ് പി.എച്ച്.ഡി ചെയ്യുന്നതെന്നും, നേരിട്ടെത്തി ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സൂപ്പർവൈസർമാർ ക്ഷണിച്ചിട്ടുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. കേസിന്റെ വിചാരണ പൂർത്തിയാകാൻ ഇനിയും ഏറെ സമയമെടുക്കുമെന്നും, നേരത്തെ ജാമ്യം ലഭിച്ചതിനുശേഷം അവർ ഒരു ജാമ്യവ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
നടാഷ നർവാളിന് വേണ്ടി അഭിഭാഷകരായ അദിത് എസ്. പൂജാരി, ചൈതന്യ സുന്ദ്രിയാൽ, മാൻവേന്ദർ സിംഗ് ശെഖാവത്ത്, ഹർഷവർദ്ധൻ പുഷ്കിൻ ശർമ എന്നിവരും ഡൽഹി പൊലീസിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ മധുകർ പാണ്ഡെ, അയോധ്യ പ്രസാദ് എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.