അങ്കിത ഭണ്ഡാരി കേസ്; അന്വേഷണം പൂർത്തിയാകും വരെ സിക്കിം ഗവർണറുടെ നിയമനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം
ഗാങ്ടോക്ക്: ഉത്തരാഖണ്ഡിലെ വിവാദമായ അങ്കിത ഭണ്ഡാരി കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ബി.ജെ.പി മുതിർന്ന നേതാവ് ദുശ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഗവർണറുടെ സത്യപ്രതിജ്ഞ നടക്കുന്നതിന് മുന്നോടിയായി ഗാങ്ടോക്കിലെ ജില്ലാ ഭരണകൂട ആസ്ഥാനത്തിന് മുന്നിൽ വിദ്യാർഥികളും പ്രാദേശിക ജനങ്ങളും ചേർന്ന് ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമനം മാറ്റിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
അന്വേഷണത്തിൽ കുറ്റവിമുക്തനാക്കപ്പെടുന്നത് വരെ ഗൗതമിനെ ഗവർണർ പദവിയിൽ നിയമിക്കരുതെന്ന് സമരത്തിന് നേതൃത്വം നൽകിയ സി.എൽ. ഛേത്രി വ്യക്തമാക്കി. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ മാപ്പ് പറയാൻ തയാറാണെന്നും എന്നാൽ അതുവരെ ഈ നിയമനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ പൊലീസ് പിന്തുണച്ചിട്ടുണ്ടെന്നും ഗവർണറായി സത്യപ്രതിജ്ഞ ചെയ്തതുകൊണ്ട് തങ്ങളുടെ ശബ്ദം നിലയ്ക്കില്ലെന്നും സമരത്തിന്റെ മുഖ്യ സംഘാടകയായ അഞ്ജലി വ്യക്തമാക്കി.
എൻ.ഡി.എയുടെ ഭാഗമായതിനാൽ സിക്കിമിലെ പ്രേം സിങ് തമാഹ് സർക്കാറിന് കേന്ദ്ര തീരുമാനത്തെ എതിർക്കാൻ പരിമിതികളുണ്ടെന്ന് പ്രതിഷേധക്കാരിൽ ഒരാളായ കൈലാഷ് പ്രധാൻ ചൂണ്ടിക്കാട്ടി. എങ്കിലും ജനങ്ങളുടെ വിശ്വാസം ആർജിച്ചു മുന്നോട്ടുപോകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും പ്രക്ഷോഭകർ ഓർമിപ്പിച്ചു.
2022 സെപ്റ്റംബറിലാണ് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലെ വനന്തര റിസോർട്ട് ജീവനക്കാരിയായിരുന്ന 19കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. കേസിൽ റിസോർട്ട് ഉടമ ഉൾപ്പെടെ മൂന്നുപേരെ 2023 മേയ് മാസത്തിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ കൊലപാതകത്തിലെ 'വി.ഐ.പി' പങ്കാളിത്തത്തെക്കുറിച്ചുള്ള ദുരൂഹതയും ആരോപണങ്ങളും നീണ്ടുനിൽക്കുകയാണ്.
അങ്കിതയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഈ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്യുകയായിരുന്നു. നിലവിൽ ഈ പശ്ചാത്തലത്തിൽ ദുഷ്യന്ത് കുമാർ ഗൗതമിന്റെ ഗവർണർ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.