ചെെന്നെ: തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച നൂറോളം സി.പി.എം വനിത പ്രവർത്തകർക്ക് നേരെ ലാത്തിചാർജ്. മധുരയിലാണ് സി.പി.എം വനിത പ്രവർത്തകർ തസ്മാക് ഷോപ്പുകൾ തുറന്നതിനെതിരെ തെരുവിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഷോപ്പുകൾ തുറന്നതിനെതിരെ അവർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം നടത്താതെ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയാറാകാതിരുന്നതിനെ തുടർന്ന് പൊലീസ് ഇവർക്ക് േനരെ ലാത്തിചാർജ് നടത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തസ്മാക് ഷോപ്പുകൾ തുറക്കുന്നത് കോവിഡ് ബാധ വേഗത്തിൽ പടരാൻ ഇടയാക്കുമെന്നും ലോക്ഡൗൺ മൂലം പണമില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. തിരുച്ചിയിലും സമാനരീതിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.
അതേസമയം തസ്മാക് ഷോപ്പുകൾ തുറന്ന ആദ്യ ദിവസമായ വ്യാഴാഴ്ച റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. 172 കോടിയുടെ മദ്യമാണ് വിറ്റത്. 5146 തസ്മാക് ഷോപ്പുകളാണ് തമിഴ്നാട്ടിലുള്ളത്. സാധാരണ ദിവസങ്ങളിൽ 70 മുതൽ 80 കോടി രൂപയൂടെ വരുമാനമാണ് ദിവസേന ലഭിക്കാറ്. ലോക്ഡൗൺ മൂലം 3750 ഷോപ്പുകൾ മാത്രമേ തുറന്നിട്ടുള്ളൂ. ഇതിൽ നിന്നാണ് 172 കോടി രൂപയുടെ വരുമാനം.
മധുര മേഖലയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 46.78 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിൽപ്പന നടത്തിയത്. തിരുച്ചിയിൽ 45.67 കോടിയുടെയും സേലത്ത് 41.56 കോടിയുടെയും മദ്യം വിറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.