ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി അധികാരത്തിലേറുമെന്ന് സൂചന. വോട്ടെണ്ണൽ തിങ്കളാഴ്ച സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിലായാണ് നടക്കുക. എല്ലായിടത്തും വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവും (ടി.വി.കെ) അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യവും ഉയർത്തിയ കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഡി.എം.കെ സഖ്യം നേട്ടംകൊയ്യുക. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റ് വേണം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് തനിച്ച് 133 സീറ്റുകൾ ലഭിച്ചിരുന്നു. 164 ഇടങ്ങളിൽ മത്സരിക്കുന്ന ഡി.എം.കെക്ക് ഇത്തവണ ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. സ്റ്റാലിൻ അധികാരത്തിൽ വീണ്ടും തിരിച്ചെത്തിയാൽ അത് തമിഴക രാഷ്ട്രീയത്തിൽ ചരിത്ര സംഭവമാവും. ഡി.എം.കെക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭ്യമാവാത്തപക്ഷം തമിഴകത്ത് ഇതാദ്യമായി കൂട്ടുകക്ഷി സർക്കാറായിരിക്കും അധികാരത്തിലെത്തുക.
ഡി.എം.കെ കോട്ടയായി അറിയപ്പെട്ടിരുന്ന ചെന്നൈയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ടി.വി.കെ കടുത്ത ഭീഷണിയാണ് ഉയർത്തിയത്. ഇവിടങ്ങളിൽ പലയിടത്തും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതേസമയം കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ഉൾപ്പെടെയുള്ള തമിഴക പടിഞ്ഞാറൻ മേഖലയിൽ അണ്ണാ ഡി.എം.കെ- ബി.ജെ.പി ആധിപത്യം നിലനിർത്തുമെന്നാണ് സൂചന. തെക്കൻ തമിഴക ജില്ലകളിലും വടക്കൻ ജില്ലകളിലും ഡി.എം.കെക്കാണ് മുൻതൂക്കം.
ടി.വി.കെ പിടിക്കുന്ന വോട്ടുകളെ ആശ്രയിച്ചായിരിക്കും ഡി.എം.കെ-അണ്ണാ ഡി.എം.കെ സഖ്യ സ്ഥാനാർഥികളുടെ ജയ- പരാജയം നിർണയിക്കുക. ജയിക്കുന്ന സ്ഥാനാർഥികൾക്ക് കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ് ഉണ്ടാവുകയെന്നും പറയപ്പെടുന്നു. രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് ആദ്യമായി നേരിടുന്ന തെരഞ്ഞെടുപ്പിൽ ടി.വി.കെ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നാണ് സൂചന. ഓരോ നിയമസഭ മണ്ഡലത്തിലും 10 മുതൽ 30 വരെ ശതമാനം വോട്ടുകൾ ടി.വി.കെ നേടുമെന്നാണ് കരുതപ്പെടുന്നത്. ‘ആക്സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡേ’ എക്സിറ്റ് പോളിൽ 120 വരെ സീറ്റുകൾ നേടി ടി.വി.കെ അധികാരത്തിലേറുമെന്ന പ്രവചനം ദ്രാവിഡ കക്ഷികളിൽ ആശങ്ക പടർത്തിയിരുന്നു. ടി.വി.കെയുടെ കടന്നുക്കയറ്റംമൂലം ആർക്കും ഭൂരിപക്ഷം ലഭ്യമാവാതെ തൂക്കുസഭയായിരിക്കും സംജാതമാവുകയെന്ന് ചില നിരീക്ഷകർക്ക് അഭിപ്രായമുണ്ട്. വിജയ്ക്ക് എത്ര സീറ്റുകളിൽ വിജയിക്കാനാവുമെന്നും എത്ര ശതമാനം വോട്ടുകൾ നേടാനാവുമെന്നുമാണ് ഈ തെരഞ്ഞെടുപ്പിൽ ഏറെ ഉറ്റുനോക്കപ്പെടുന്നത്. വിജയ് പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. നഗര പ്രദേശങ്ങളിൽ ‘വിജയ് ഫാക്ടർ’ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ താരതമ്യേന കുറവാണ്.
അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ സംഘടനക്കകത്ത് അന്തശ്ഛിദ്രം ഉടെലടുക്കും. ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഇത്തവണ പരമാവധി ജയസാധ്യതയുള്ള സീറ്റുകൾ കൈവശംവെച്ച് പ്രതീക്ഷ കുറഞ്ഞ സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുനൽകുകയായിരുന്നു. ഇതിൽ ഇരു മുന്നണികളിലെയും സഖ്യകക്ഷികൾക്ക് കടുത്ത അസംതൃപ്തിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.