ചെന്നൈ: തമിഴ്നാട്ടിൽ സ്പീക്കർ അയോഗ്യരാക്കിയ ദിനകരൻപക്ഷ എം.എൽ.എമാരുടെ കേസ് മൂന്നാം ജഡ്ജി ജസ്റ്റിസ് എം. സത്യനാരായണൻ ബുധനാഴ്ച പരിഗണിക്കും. തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ ഒമ്പതുമാസമായി എം.എൽ.എമാരില്ലാതെ വികസന പദ്ധതികൾ മുടങ്ങി കിടക്കുകയാണെന്നും കേസിൽ കാലതാമസം അരുതെന്നും ആവശ്യപ്പെട്ട് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ മദ്രാസ് ഹൈകോടതി രജിസ്ട്രാർക്ക് നിവേദനം നൽകിയിരുന്നു. ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് അന്തിമവിധിക്കായി മൂന്നാം ജഡ്ജിക്ക് കേസ് കൈമാറിയത്. മൂന്നാം ജഡ്ജിയായി മദ്രാസ് ഹൈകോടതി ജസ്റ്റിസ് എസ്. വിമലയെയാണ് നിയമിച്ചത്.
എന്നാൽ, സുപ്രീംകോടതി ഇടെപ്പട്ട് ജസ്റ്റിസ് വിമലയെ മാറ്റി പകരം ജസ്റ്റിസ് എം. സത്യനാരായണനെ നിയമിച്ചിരുന്നു. വ്യത്യസ്ത വിധികൾ പഠിച്ച ശേഷം മൂന്നാം ജഡ്ജിക്ക് ചേംബറിൽതന്നെ വിധി പറയാനാവുമെന്ന് നിയമവിദഗ്ധർ പറയുന്നു. അല്ലാത്തപക്ഷം കേസിലെ കക്ഷികളെ വിളിച്ച് പുനർവിചാരണ നടത്തും.
2017 സെപ്റ്റംബറിലാണ് മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തി ഗവർണർക്ക് നിവേദനം നൽകിയതിെൻറ പേരിൽ ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയത്. ജൂൺ14നാണ് മദ്രാസ് ഹൈകോടതി ഭിന്നവിധി പുറപ്പെടുവിച്ചത്. സ്പീക്കറുടെ നടപടിയെ മൂന്നാം ജഡ്ജി വിയോജിച്ചാൽ എടപ്പാടി പളനിസാമി സർക്കാറിെൻറ നിലനിൽപ് അപകടത്തിലാവും. അല്ലാത്തപക്ഷം 18 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.