ജി.എസ്.ടി വരുമാനം 16.1 ശതമാനം ഉയർന്നു; ഡിഎംകെയുടെ വാദം പൊളിഞ്ഞെന്ന് ടിവികെ
ചെന്നൈ: തമിഴ്നാടിന്റെ ജി.എസ്.ടി വരുമാനം കുറഞ്ഞെന്ന ഡി.എം.കെയുടെ പ്രചാരണം പൊള്ളയാണെന്ന് തമിഴക വെട്രി കഴകം(ടി.വി.കെ). സംസ്ഥാനത്തിന് കിട്ടുന്ന യഥാർഥ ജി.എസ്.ടി വരുമാനത്തിൽ 16.1 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്നാണ് ടി.വി.കെ പറയുന്നത്. ടി.വി.കെ ഐ.ടി വിങ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഡി.എം.കെക്കെതിരെ രൂക്ഷ വിമർശനമുള്ളത്.
ജി.എസ്.ടി വരുമാനത്തിൽ 5 ശതമാനം ഇടിവുണ്ടായി എന്നായിരുന്നു ഡി.എം.കെ ഉയർത്തിയ ആരോപണം. എന്നാൽ ഈ വാദത്തെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം തന്നെ തള്ളിക്കളഞ്ഞുവെന്ന് ടി.വി.കെ ചൂണ്ടിക്കാട്ടി.
സംസ്ഥാന ധനകാര്യ സെക്രട്ടറി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ടി.വി.കെ പറയുന്നു. തമിഴ്നാടിന് ലഭിക്കുന്ന പോസ്റ്റ്-സെറ്റിൽമെന്റ് ജി.എസ്.ടി വരുമാനം 16.1 ശതമാനം കൂടിയെന്നാണ് സെക്രട്ടറി വ്യക്തമാക്കിയത്. ഇതോടെ സാമ്പത്തിക മാന്ദ്യമുണ്ടെന്നും ഭരണം പരാജയമാണെന്നുമുള്ള ഡി.എം.കെയുടെ പ്രചാരണം പൊളിഞ്ഞുവെന്നാണ് ടി.വി.കെയുടെ വാദം.
ഗ്രോസ് ജിഎസ്ടിയുടെ കണക്ക് മാത്രം എടുത്ത് കാണിച്ചാണ് ഡി.എം.കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ടി.വി.കെ ആരോപിച്ചു. തമിഴ്നാട് പോലെ ഉൽപ്പാദനവും വിതരണവും ഏറെയുള്ള സംസ്ഥാനത്ത് ഗ്രോസ് കണക്ക് മാത്രം നോക്കിയാൽ ശരിയായ ചിത്രം കിട്ടില്ലെന്ന് പാർട്ടി വിശദീകരിച്ചു. ഐ.ജി.എസ്.ടി സെറ്റിൽമെന്റ് പോലുള്ള നടപടിക്രമങ്ങൾ കഴിഞ്ഞതിനു ശേഷമുള്ള കണക്കാണ് ഒരു സംസ്ഥാനത്തിന്റെ യഥാർഥ വരുമാനം എത്രയെന്ന് വ്യക്തമാക്കുന്നത്.
ഗ്രോസ് കണക്കിൽ പലപ്പോഴും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. എന്നാൽ അന്തിമമായി സംസ്ഥാനത്തിന്റെ ഖജനാവിലേക്ക് എത്തുന്ന തുകയാണ് പ്രധാനം. അത് 16.1 ശതമാനം വർധിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെയാണ് കാണിക്കുന്നതെന്നും ടി.വി.കെ പറയുന്നു.
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വേണ്ടി മനപ്പൂർവം തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുകയാണ് ഡി.എം.കെ ചെയ്യുന്നതെന്നും ടി.വി.കെ കുറ്റപ്പെടുത്തി. സത്യത്തെ മറച്ചുവെച്ച് നുണ പ്രചരിപ്പിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും തെറ്റായ പ്രചാരണങ്ങൾ കൊണ്ട് സത്യത്തെ തോൽപ്പിക്കാൻ കഴിയില്ലെന്നും ടി.വി.കെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് വരുത്തിത്തീർക്കാനുള്ള ഡി.എം.കെയുടെ അർധസത്യ പ്രചാരണങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും ടി.വി.കെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.