എടപ്പാടി പളനിസ്വാമി, ജോസഫ് വിജയ്
വിജയ്‌യും എടപ്പാടിയും നേർക്കുനേർ; തമിഴ്നാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം എന്നീ രണ്ട് പട്ടികജാതി സംവരണ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 6-ന് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പോരാട്ടം അടുത്തയാഴ്ചയോടെ ഉച്ചസ്ഥായിയിലെത്തും. ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയും ഇരു മണ്ഡലങ്ങളിലും നേരിട്ട് പ്രചാരണത്തിനെത്തുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ കലുഷിതമാകും.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ 'രണ്ടില' ചിഹ്നത്തിൽ വിജയിച്ച മരഗതം കുമാരവേൽ (മധുരാന്തകം), പി. സത്യഭാമ (ധാരാപുരം) എന്നിവർ വിജയിച്ച് ഒരു മാസത്തിനകം രാജിവെച്ച് വിജയ്‌യുടെ ടി.വി.കെയിൽ ചേർന്നതാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. കൂറുമാറിയെത്തിയ മുൻ എം.എൽ.എമാർക്ക് തന്നെ ടി.വി.കെ തങ്ങളുടെ 'വിസിൽ' ചിഹ്നത്തിൽ വീണ്ടും സീറ്റ് നൽകിയതോടെ, ജനവിധി അട്ടിമറിച്ച വഞ്ചനയാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായി എ.ഐ.എ.ഡി.എം.കെ ഉയർത്തിക്കാട്ടുന്നത്. മധുരാന്തകത്തിൽ എസ്. കനിത സമ്പത്തും ധാരാപുരത്ത് കെ. ഭാനുമതിയുമാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥികൾ. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയുള്ള വിവിധ ദിവസങ്ങളിലായി എടപ്പാടി ഇരുമണ്ഡലങ്ങളിലും മൂന്ന് ദിവസം വീതം പ്രചാരണം നടത്തും. വിജയ്‌യുടെ പ്രചാരണ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഡി.എം.കെ സ്ഥാനാർത്ഥികളായ ഐ. പരന്താമൻ, എസ്. സുകന്യ എന്നിവരും, നാം തമിഴർ കക്ഷി (എൻ.ടി.കെ) സ്ഥാനാർത്ഥികളായ കെ. ജാനകി രാമൻ, എം. കാർത്തിക എന്നിവരും, ഇടതുപക്ഷ സ്ഥാനാർത്ഥികളായ പി. സുഗന്ധി (സിപിഎം - മധുരാന്തകം), പി. ലക്ഷ്മണൻ (സി.പി.ഐ - ധാരാപുരം) എന്നിവരും രംഗത്തുള്ളതോടെ ഇരു മണ്ഡലങ്ങളിലും ശക്തമായ പഞ്ചകോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇതിനിടെ, ആർക്കും പിന്തുണ നൽകില്ലെന്ന് പ്രഖ്യാപിച്ച് സഖ്യകക്ഷിയായ പി.എം.കെ രംഗത്തെത്തിയത് എ.ഐ.എ.ഡി.എം.കെയ്ക്ക് കനത്ത തിരിച്ചടിയായി. മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ ടി.വി.കെയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത എസ്.പി. വേലുമണി, പി. തങ്കമണി, സി.വി. ഷൺമുഖം എന്നീ മുതിർന്ന നേതാക്കളെ എ.ഐ.എ.ഡി.എം.കെ തങ്ങളുടെ 40 അംഗ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒക്ടോബർ 6-ന് വോട്ടെടുപ്പും ഒക്ടോബർ 9-ന് വോട്ടെണ്ണലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.