Posted On
date_range Updated On
date_range രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ചിൽ പങ്കെടുക്കുന്നവർ സത്യവാങ് മൂലം നൽകണം; രാജീവ് ഗാന്ധി വധം ചൂണ്ടിക്കാട്ടി വിദ്യാർഥികളെ വിരട്ടി പൊലീസ്
മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയിൽ യുവാക്കൾ പങ്കെടുക്കുന്നത് തടയാൻ ഇൻഡോർ പൊലീസ് രാജീവ് ഗാന്ധി വധക്കേസ് അന്വേഷണറിപ്പോർട്ട് ആയുധമാക്കുന്നു. ഇന്ന് നടക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയാൻ ഇൻഡോറിലെ കോച്ചിങ് സെന്ററുകൾക്കും വിദ്യാർഥി ഹോസ്റ്റലുകൾക്കും മേൽ മധ്യപ്രദേശ് പോലീസ് സമ്മർദ്ദം ചെലുത്തുന്നതായി കോൺഗ്രസ് ആരോപിച്ചു. ഇത് ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാൻ കോച്ചിങ് സെന്റർ നടത്തിപ്പുകാരെ “ഭീഷണിപ്പെടുത്തുകയും സത്യവാങ്മൂലങ്ങളിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്യുന്നു” എന്ന് കോൺഗ്രസ് മീഡിയ കമ്മിറ്റി ചെയർമാൻ പവൻ ഖേര ആരോപിച്ചിരുന്നു. രാഹുലിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി വധത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ജസ്റ്റിസ് ജെ.എസ്. വർമ്മ കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ച് 31 സുരക്ഷാ നിബന്ധനകളാണ് പോലീസ് രാഹുലിന്‍റെ പരിപാടിക്കായി മുന്നോട്ടുവെച്ചിരിക്കുന്നത്. "വർമ്മ കമ്മീഷൻ റിപ്പോർട്ട് പരിപാടിയുടെ സംഘാടകരുടെയും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെയും പങ്കിനെക്കുറിച്ച് വളരെ ആഴത്തിലും വിശദമായും വിശകലനം ചെയ്തിട്ടുണ്ട്" എന്നും, "1991 മേയ് 21-ലെ ശ്രീപെരുമ്പത്തൂർ സംഭവത്തിൽ സുരക്ഷ തകരാൻ പ്രധാന കാരണം സംഘാടകരുടെ ഉത്തരവാദിത്തമില്ലാത്ത സമീപനമായിരുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്" എന്നും പോലീസിന്റെ സുരക്ഷാ സർക്കുലറിൽ പറയുന്നു. രാജീവ് ഗാന്ധി 1991 മേയ് 21-ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ബോംബാക്രമണത്തിലാണ് വധിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയിൽ വിദ്യാർത്ഥികൾ പങ്കെടുത്താൽ "സുരക്ഷയ്ക്കായുള്ള സ്വയം സാക്ഷ്യപത്രം" ഒപ്പിട്ടു നൽകാൻ ഇൻഡോറിലെ കോച്ചിംഗ് സെന്ററുകളോടും ഹോസ്റ്റൽ ഉടമകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോച്ചിങ് സെന്ററുമായോ ഹോസ്റ്റലുമായോ ബന്ധപ്പെട്ട വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കുകയും ആരോഗ്യപരമായോ സുരക്ഷാപരമായോ ഉള്ള പ്രശ്നങ്ങളോ അപകടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ നേരിടേണ്ടി വരികയോ ചെയ്താൽ, അതിന്റെ ഉത്തരവാദിത്തം പങ്കെടുക്കുന്ന വിദ്യാർഥികൾക്കും നടത്തിപ്പുകാർക്കുമായിരിക്കുമെന്ന് ഈ സത്യവാങ്മൂലത്തിൽ അംഗീകരിക്കേണ്ടതുണ്ട്. റീജിയണൽ പാർക്കിന് എതിർവശത്തുള്ള ഐഡിഎ ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന പരിപാടിക്കുള്ള അനുമതിക്കൊപ്പം സംഘാടകർക്കും പൊലീസ് നിബന്ധനകൾ കൈമാറി. സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം, പങ്കെടുക്കുന്നവർ വരുന്ന ജില്ലകൾ, താലൂക്കുകൾ, കോളേജുകൾ, ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്നവരുടെ എണ്ണം എന്നിവയുൾപ്പെടെ പ്രതീക്ഷിക്കുന്ന ജനക്കൂട്ടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്‌ട്രേഷൻ നമ്പറുകൾ, ഡ്രൈവർമാരുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, അവർ നിർദ്ദേശിക്കുന്ന വഴികൾ, എത്തുന്ന സമയം, പാർക്കിംഗ് ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ വിവരങ്ങളും നൽകാൻ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പരിപാടിക്കുള്ള സുരക്ഷാ നിബന്ധനാ രേഖയിൽ രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ച് പൊലീസ് പരാമർശിക്കുന്നത് ഇതാദ്യമാണെന്നും ഇത് ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉദ്ദേശ്യങ്ങളാണ് വെളിപ്പെടുത്തുന്നതെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി ആരോപിച്ചു. "ആദ്യം സർക്കാർ രാഹുൽ ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിൻവലിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പരിപാടിക്ക് അനുമതി നൽകുമ്പോൾ പിതാവിന്റെ വധത്തെക്കുറിച്ചാണ് ഉദ്ധരിക്കുന്നത്," പട്വാരി പറഞ്ഞു. ഛാത്രോം കി ഗൂഞ്ച് സെപ്തംബർ 12-ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്താനാണ് കോൺഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് പരിപാടി സെപ്റ്റംബർ 19ലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഡിയം ഉപയോഗിക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ നിലവിലുള്ള നിർദ്ദേശങ്ങളാണ് പ്രാദേശിക ഭരണകൂടം ചൂണ്ടിക്കാണിച്ചത്. എന്നാൽ ഗാന്ധി വിദ്യാർത്ഥികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് സർക്കാർ തടയുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.