10 ദിവസംകൊണ്ട് പൊറോട്ട ഉണ്ടാക്കാൻ പഠിക്കാം, മാസം 1 ലക്ഷം വരെ വരുമാനം; ശ്രദ്ധേയമായി മധുരയിലെ പൊറോട്ട സ്കൂൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് പൊറോട്ട. മലയാളികളുടെ പൊറോട്ട പ്രേമം കേരളത്തിന്‍റെ അതിർത്തിവിട്ട് ലോകോത്തരമാർക്കറ്റിൽ വരെ ഈ വിഭവത്തെ എത്തിച്ചിട്ടുണ്ട്. നല്ല കുറുകിയ ഗ്രേവിക്കൊപ്പം ഒരു പീസ് മൃദുവായ പൊറോട്ടകൂട്ടി പിടിക്കാൻ ഇഷ്ടനില്ലാത്തവർ വിരളമാണ്. എന്നാൽ ഈ പൊറോട്ട മേക്കിങ് ഒരു കോഴ്സായി പഠിച്ചാലോ. മൃദുവും രുചികരവുമായ പൊറോട്ടകൾ തയാറാക്കാൻ പരിശീലിപ്പിക്കുന്ന മധുരയിലെ സെൽഫി പൊറോട്ട കോച്ചിങ് സെന്ററാണ് ഇപ്പോൾ ജന ശ്രദ്ധ നേടുന്നത്.

പൊറോട്ട നിർമാണം കൈവഴക്കത്തോടെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സ്ഥാപകനായ മുഹമ്മദ് കാസിം ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ നടത്തിവരുന്നു. പൊറോട്ട ഉണ്ടാക്കാൻ പഠിക്കുക എന്നതിലുപരി, അത് വായുവിൽ പറത്തിമറിക്കുന്നത് പഠിക്കാനാണ് പലർക്കും കൂടുതൽ താൽപ്പര്യമെന്ന് മധുരയിൽ നിന്നുള്ള മുഹമ്മദ് പറയുന്നു. 14 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർ ഇവിടെ പരിശീലനം നേടാനെത്തുന്നുണ്ട്.

തുടക്കക്കാർക്കായി പ്രത്യേക കൈ വ്യായാമങ്ങളോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. പെട്ടെന്ന് പൊറോട്ട നിർമാണം പഠിച്ചെടുക്കാൻ ഇത് സഹായിക്കുന്നു. പത്ത് ദിവസത്തെ കൃത്യമായ പരിശീലനത്തിലൂടെ ആർക്കും ഒരു പ്രൊഫഷണലിനെപ്പോലെ പൊറോട്ട തയാറാക്കാൻ കഴിയുമെന്ന് കോച്ച് ഉറപ്പുനൽകുന്നു. ഇന്ത്യയിൽ മാത്രമല്ല, യുകെ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവർക്കും ഓൺലൈൻ വഴി പരിശീലനം ലഭിക്കുന്നുണ്ട്.

മധുരയിൽ മാത്രം ചെറുതും വലുതുമായ മൂവായിരത്തോളം ഹോട്ടലുകളുണ്ടെന്നും, ഓരോ ഇടത്തും മികച്ച പൊറോട്ട മാസ്റ്റർമാരുടെ ആവശ്യമുണ്ടെന്നും മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സ്ഥാപനം സഹായിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ദിവസക്കൂലിയായി ചെറിയ തുക ലഭിച്ചുതുടങ്ങുമെങ്കിലും കഴിവ് തെളിയിക്കുന്നതോടെ മികച്ച വരുമാനമുള്ള പ്രമുഖ മാസ്റ്റർമാരായി മാറാൻ സാധിക്കും.

സാധാരണക്കാർ മുതൽ ഉന്നത വിദ്യാഭ്യാസം നേടി ജോലിയില്ലാത്ത യുവജനങ്ങൾ വരെ ഈ പരിശീലന കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. റോൾ പൊറോട്ട, കൊത്തു പൊറോട്ട, വീച്ചു പൊറോട്ട, മുട്ട പൊറോട്ട, ഓയിൽ പൊറോട്ട, സിലോൺ പൊറോട്ട, ബൺ പൊറോട്ട, വാഴയില പൊറോട്ട, മലബാർ പൊറോട്ട തുടങ്ങി വിവിധ തരത്തിലുള്ള പൊറോട്ടകൾ ഇവിടെ പരിശീലിപ്പിക്കുന്നു. കൂടാതെ വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി മലേഷ്യൻ, സിംഗപ്പൂർ ശൈലിയിലുള്ള റോട്ടി കാനായിയും പഠിപ്പിക്കുന്നുണ്ട്. പൊറോട്ട പരിശീലനത്തിന് പുറമെ ചൈനീസ് വിഭവങ്ങൾ തയാറാക്കാനുള്ള ക്ലാസുകളും ഇപ്പോൾ ഈ കേന്ദ്രത്തിൽ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Madurai's porota school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.