തമിഴ്നാട് നിയമസഭ സമ്മേളനത്തിനിടെയുണ്ടായ ബഹളത്തിൽ നിന്ന്
വിജയ് വിവാദത്തിൽ കലങ്ങി തമിഴ്നാട് നിയമസഭ; ഡി.എം.കെ എം.എൽ.എമാരെ പുറത്താക്കി സ്പീക്കർ
ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ നടത്തിയ അഴിമതി ആരോപണങ്ങളും മിസ, സർക്കാരിയ കമീഷൻ പരാമർശങ്ങളും സഭാരേഖയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ഡി.എം.കെ എം.എൽ.എമാരെ സഭാ വാച്ച് ആൻഡ് വാർഡ് ജീവനക്കാർ കൂട്ടത്തോടെ പുറത്താക്കി. ചൊവ്വാഴ്ച നിയമസഭയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
പൊലീസ് വകുപ്പിന്റെ ധനാഭ്യർഥന ചർച്ചക്ക് തിങ്കളാഴ്ച മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി വിജയ് മുൻ ഡി.എം.കെ സർക്കാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കരാർ തുകയുടെ 7.5 മുതൽ 10 വരെ ശതമാനം ‘പാർട്ടി ഫണ്ടായി’ ഈടാക്കിയിരുന്നുവെന്ന ഇ.ഡി രേഖയിലെ പരാമർശവും വീരാണം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിയ കമീഷൻ റിപ്പോർട്ടും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ചൊവ്വാഴ്ച സഭ തുടങ്ങിയപ്പോൾ ഡി.എം.കെ ചീഫ് വിപ്പ് ഇ.വി. വേലു, മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ സഭാരേഖയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിലുള്ള കേസുകളും തെളിയിക്കപ്പെടാത്ത ആരോപണങ്ങളും സഭയിൽ ഉന്നയിച്ചത് ചട്ടവിരുദ്ധമാണെന്നായിരുന്നു ഡി.എം.കെയുടെ വാദം.
എന്നാൽ, നിയമമന്ത്രി ആർ. നിർമൽ കുമാർ മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ ന്യായീകരിച്ചു. എം.കെ. സ്റ്റാലിന്റെ മിസ അറസ്റ്റുമായി ബന്ധപ്പെട്ടും മന്ത്രി ഡി.എം.കെയെ വിമർശിച്ചു. ഇതോടെ ഡി.എം.കെ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ നീക്കണമെന്ന ആവശ്യം സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തള്ളി. നേരത്തേ സഭയിൽ ചർച്ച ചെയ്തതും പൊതുജനമധ്യത്തിലുള്ളതുമായ വിവരങ്ങളാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്നും അതിനാൽ രേഖയിൽനിന്ന് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഡി.എം.കെ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു.
സീറ്റുകളിലേക്ക് മടങ്ങാൻ സ്പീക്കർ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധം തുടർന്നു. ഒടുവിൽ സ്പീക്കർ ഡി.എം.കെ അംഗങ്ങളെ പുറത്താക്കാൻ മാർഷലുകൾക്ക് നിർദേശം നൽകി. സംഭവത്തിന് പിന്നാലെ ചെന്നൈ അണ്ണാ അറിവാലയത്തിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പുറത്താക്കപ്പെട്ട നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.