തമിഴ്നാട്: അണ്ണാമലൈ അതൃപ്തിയിൽ; മത്സരിക്കാനില്ലെന്ന്

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാനില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. കടുത്ത അതൃപ്തിയിൽ കഴിയുന്ന അണ്ണാമലൈ, പാർട്ടിയുടെ തമിഴ്നാട് ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ നേരിൽ സന്ദർശിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അനുയായികൾക്ക് അഞ്ച് സീറ്റുകൾ അനുവദിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

തനിക്ക് സീറ്റ് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാനത്ത് എൻ.ഡി.എ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും, കൂടിക്കാഴ്ചക്കുശേഷം അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. അണ്ണാ ഡി.എം.കെ മുന്നണിയിൽ 27 സീറ്റിലാണ് ബി.ജെ.പി മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയ ചർച്ചകളിലും അണ്ണാമലൈ പങ്കെടുത്തില്ല.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിച്ച അണ്ണാമലൈ, നാലര ലക്ഷം വോട്ടുനേടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ ജില്ലയിലെ സിംഗാനല്ലൂർ, കൗണ്ടംപാളയം, കോയമ്പത്തൂർ വടക്ക് മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ മത്സരിക്കാനാണ് അണ്ണാമൈല പദ്ധതിയിട്ടിരുന്നത്. എന്നാൽ, കോയമ്പത്തൂർ വടക്ക് മാത്രമാണ് പാർട്ടിക്ക് കിട്ടിയത്.

അവിടെയാകട്ടെ, 2021ൽ കമൽഹാസനെ പരാജയപ്പെടുത്തി കോയമ്പത്തൂർ സൗത്തിൽ നിന്ന് വിജയിച്ച മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഇതും അണ്ണാമലൈയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ബി.ജെ.പി തമിഴ്നാട് അധ്യക്ഷനായിരിക്കെ അണ്ണാമലൈ ജയലളിതക്കും എടപ്പാടി പളനിസാമിക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് അഴിച്ചുവിട്ടിരുന്നത്. ഇതേത്തുടർന്ന് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാതെ അണ്ണാ ഡി.എം.കെ തനിച്ചാണ് മത്സരിച്ചത്. അണ്ണാമലൈ ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് തുടരുന്നിടത്തോളം മുന്നണി ബന്ധമില്ലെന്ന് അണ്ണാ ഡി.എം.കെ നിലപാടെടുത്തതോടെ അദ്ദേഹത്തിന്റെ അധ്യക്ഷപദവി തെറിക്കുകയും ചെയ്തു.

നൈനാർ നാഗേന്ദ്രൻ അധ്യക്ഷനായതോടെ, സഖ്യം പുനരാരംഭിക്കുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന ഘടകത്തിലും ഒറ്റപ്പെട്ട അണ്ണാമലൈക്കെതിരെയാണ് ഒട്ടുമിക്ക സംസ്ഥാന നേതാക്കളും. ഇതിനിടെ, അധ്യക്ഷ പദവിയിലിരിക്കെ അവിഹിത സ്വത്ത് സമ്പാദ്യമുണ്ടാക്കിയതായും അണ്ണാമലൈക്കെതിരെ പരാതികളുയർന്നിരുന്നു. അതേസമയം സാധാരണ ബി.ജെ.പി പ്രവർത്തകർക്കിടയിൽ അണ്ണാമലൈ ജനപ്രിയനാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വത്തിന് താൽപര്യവുമുണ്ട്.

Tags:    
News Summary - Tamil Nadu: Annamalai Unhappy, Says He Won’t Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.