40,000 തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് ജീവിത പങ്കാളികളെ കിട്ടാനില്ല; വധുവിനെ തേടി ഉത്തരേന്ത്യയിലേക്ക്​

ചെന്നൈ: തമിഴ് ബ്രാഹ്മണ യുവാക്കള്‍ക്ക് വധുവിനെ തേടി സമുദായ സംഘടന ഉത്തരേന്ത്യയിൽ അന്വേഷണം വ്യാപിപ്പിക്കുന്നു​. തമിഴ്‌നാട്ടില്‍ വിവാഹപ്രായമായിട്ടും അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന 40,000ഓളം ബ്രാഹ്മണ യുവാക്കളുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ്​ തമിഴ്‌നാട് ബ്രാഹ്മണ അസോസിയേഷന്‍ (ടി.ബി.എ) ഈ പ്രത്യേക ദൗത്യവുമായി രംഗത്തെത്തിയിരിക്കുന്നത്​. ഉത്തർപ്രദേശ്​, ബിഹാർ അടക്കമുള്ള സംസ്​ഥാനങ്ങളിലേക്കാണ്​ ഇവർ അന്വേഷണം വ്യാപിപ്പിക്കുന്നത്​.

30നും 40നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടി വരുന്നതായാണ്​ ടി.ബി.എയുടെ മുഖമാസികയുടെ നവംബർ ലക്കത്തിൽ പറയുന്നത്​. ഇ​േപ്പാൾ ഇവരുടെ എണ്ണം 40,000ഒാളം വരും. ഇവർക്ക്​ ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന്​ ഉത്തരേന്ത്യയിൽ അന്വേഷണം നടത്തും. ഇതിനായി ഡല്‍ഹി, ലഖ്‌നോ, പട്‌ന എന്നിവിടങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ്​ എന്‍. നാരായണ​േന്‍റതായി പ്രസിദ്ധീകരിച്ചിരിക്കുന്ന തുറന്ന കത്തിൽ പറയുന്നു.

വിവാഹപ്രായമുള്ള 10 ബ്രാഹ്മണ യുവാക്കളുണ്ടെങ്കില്‍ യുവതികളുടെ എണ്ണം ആറ് മാത്രമാണെന്നും ഇതാണ് പ്രതിസന്ധിക്ക്​ കാരണമെന്നും എൻ. നാരായണൻ പറഞ്ഞതായി 'ദി ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​' റിപ്പോർട്ട്​ ചെയ്യുന്നു. ഇത് പരിഹരിക്കാനാണ് ഉത്തരേന്ത്യയിലേക്ക് ബന്ധം തേടിപ്പോകുന്നത്. ഇതുമായി ബന്ധ​പ്പെട്ട്​ ഡൽഹി, ലഖ്‌നോ, പട്‌ന എന്നിവിടങ്ങളിലുള്ള ആളുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്​. ഈ സ്ഥലങ്ങളിൽ കോ-ഓര്‍ഡിനേറ്റര്‍മാരെ കണ്ടെത്തിയിട്ടുണ്ട്​. കൂടാതെ ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ അസോസിയേഷന്‍റെ ചെന്നൈയിലെ ആസ്ഥാനത്ത്​ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നാരായണൻ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ മൂന്ന് ശതമാനമാണ് ബ്രാഹ്മണര്‍. അയ്യര്‍, അയ്യങ്കാര്‍ എന്നീ രണ്ട് വിഭാഗങ്ങളാണ്​ ഇവരിലുള്ളത്. മുമ്പ് ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് മാറിയിട്ടുണ്ട്. 'തെലുങ്ക്, കന്നഡ ബ്രാഹ്മണര്‍ വിഭാഗങ്ങളുമായും പാലക്കാടുള്ള ബ്രാഹ്മണര്‍ വിഭാഗത്തില്‍പ്പെട്ടവരെയും തമിഴ് ബ്രാഹ്മണര്‍ ഇപ്പോൾ വിവാഹം കഴിക്കാറുണ്ട്. കന്നഡ സംസാരിക്കുന്ന മാധ്​വ ബ്രാഹ്​മണരുമായും (ശ്രീ മാധവാചാര്യയുടെ അനുയായികളായ വൈഷ്​ണവർ) തമിഴ്​ സംസാരിക്കുന്ന സ്​മാർത്ത വിഭാഗക്കാരുമായും (ശ്രീ ആദിശങ്കരയുടെ അനുയായികളായ അയ്യർ എന്നറിയപ്പെടുന്ന വിഭാഗം) ഇപ്പോൾ വിവാഹം നടക്കുന്നുണ്ട്​. ഒരു ദശകം മുമ്പ് ഇത്​ ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല'- വധുവിനെ തിരയുന്ന ബ്രാഹ്​മണ യുവാവായ എ. അജയ്​ പറയുന്നു. ​

മൂന്നുദിവസം നീളുന്ന വിവാഹച്ചടങ്ങുകള്‍ വലിയ ചെലവിന് കാരണമാകുന്നതിനാല്‍ ആഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ ശക്​തമാണ്​. 'എന്തു​െകാണ്ടാണ്​ വരന്‍റെ മാതാപിതാക്കൾ വലിയ കല്യാണ മണ്ഡപങ്ങളിൽ വിവാഹം നടത്തണമെന്ന്​ വാശി പിടിക്കുന്നത്​? ലളിതമായി വിവാഹം നടത്തുന്നതിന്​​ എന്താണ്​ അവർക്ക്​ തടസ്സമായി നിൽക്കുന്നത്​? വധുവിന്‍റെ വീട്ടുകാർക്കാണ്​ വിവാഹ ചെലവിന്‍റെ ബാധ്യതയെന്നതും വലിയ വെല്ലുവിളിയാണ്​'- വിദ്യാഭ്യാസ വിദഗ്​ധൻ എം. പരമേശ്വരൻ പറയുന്നു. 

Tags:    
News Summary - Tamil brahmin bachelors look towards North Indian brides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.