ന്യൂഡൽഹി: യു.പിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരായ വിമർശനം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലർക്ക് പശുക്കളെ കുറിച്ച് പറയുന്നത് കുറ്റമാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് പശു മാതാവാണെന്ന് മോദി പറഞ്ഞു. വാരണാസിയിൽ 870 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മോദി.
ഇന്ത്യയിലെ ഡയറി മേഖലയെ ശക്തിപ്പെടുത്തുകയെന്നത് സർക്കാറിന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. പശുവിനെ കുറിച്ചും ഗോവർധനനെ കുറിച്ചും സംസാരിക്കുന്നത് ചിലർ കുറ്റകൃത്യമാക്കി മാറ്റി. രാജ്യത്തെ എട്ട് കോടി ജനങ്ങൾ പശുക്കളെ ഉപജീവിച്ചാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പാലുൽപ്പാദനം കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 45 ശതമാനം വർധിച്ചു. ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന പാലിന്‍റെ 22 ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തിന്‍റെ വികസനത്തിൽ ഡയറി, മൃഗപരിപാലന മേഖലകൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കും. മൃഗപരിപാലനം കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിന് കാരണമാകും.
ഇന്ത്യയിൽ നിന്നുള്ള പാലുൽപ്പന്നങ്ങൾക്ക് വിദേശത്ത് വലിയ വിപണിയുണ്ട്. ഈ മേഖലയിൽ വലിയ വളർച്ച കൈവരിക്കാൻ സാധിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. അടുത്ത വർഷം യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പശുവിനെ മോദി വീണ്ടും ചർച്ചയാക്കിയതെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.