ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെ മാറ്റി നൽകി; നഴ്സും മിഡ് വൈഫും അറസ്റ്റിൽ

ഷിംല: ജനിച്ച് അഞ്ച് മാസത്തിനുശേഷം രണ്ട് കുഞ്ഞുങ്ങൾക്ക് അവരുടെ യഥാർഥ മാതാപിതാക്കളെ തിരിച്ചുകിട്ടി. ഹിമാചൽ പ്രദേശിലെ കമലാ നെഹ്റു ആശുപത്രിയിലെ ജീവനക്കാരാണ് ആൺകുഞ്ഞിനേയും പെൺകുഞ്ഞിനേയും തമ്മിൽ മാറ്റിനൽകിയത്.

ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായ ശീതൾ മെയ് 26നാണ് ആശുപത്രിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യം ആൺകുട്ടിയെയാണ് പ്രസവിച്ചത് എന്ന് ജീവനക്കാർ പറഞ്ഞെങ്കിലും പിന്നീട് പെൺകുഞ്ഞിനെ നൽകുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ അതേ ലേബർ റൂമിൽ വെച്ച് പ്രസവിച്ച അഞ്ജനയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത് എന്നായിരുന്നു പിന്നീട് ജീവനക്കാർ പറഞ്ഞത്.

എന്നാൽ, ഇതിൽ സംശയം തോന്നിയ ശീതൾ പരാതിയുമായി ആശുപത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഹൈകോടതിപരാതിയിലാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്. ഹൈകോടതിയുടെ നിർദേശ പ്രകാരം ഡി.എൻ.എ പരിശോധനയും നടത്തി. പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ആൺകുട്ടിയുടെ യഥാർഥ അമ്മ ശീതളായിരുന്നു എന്ന് തെളിഞ്ഞത്. തുടർന്ന് ജഡ്ജിയുടെ നിർദേശപ്രകാരം കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുകയായിരുന്നു.

എന്നാൽ, സംഭവസമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനേയും മിഡ് വൈഫിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചനയിൽ പെൺകുഞ്ഞിന്‍റെ മാതാപിതാക്കൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച രണ്ട് കുട്ടികളേയും യഥാർഥ മാതാപിതാക്കൾക്ക് കൈമാറി. മകനെ തിരിച്ചുകിട്ടിയതിൽ ശീതൾ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. 'താനും ഒരു നഴ്സാണ്. ഈ സംഭവത്തിൽ ഗുരുതരമായ പിഴവും ഗൂഢാലോചനയുമാണ് ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. തന്നെ ഇത്രയും കാലം മാനസികമായി പീഡിപ്പിച്ചതിനുള്ള ശിക്ഷ അവർ തീർച്ചയായും അർഹിക്കുന്നുണ്ട്.' ശീതൾ പറഞ്ഞു.

അഞ്ച് മാസം സ്വന്തമെന്ന് കരുതി വളർത്തിയ മകനെ കൈമാറുന്നതിൽ വിഷമമുണ്ട് എന്നായിരുന്നു അഞ്ജനയുടെ പ്രതികരണം. തനിക്ക് മറ്റൊരു മകനുണ്ടെന്നും ഒരു മകളെയാണ് ആഗ്രഹിച്ചിരുന്നതെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - Swapped In Hospital At Birth himachal pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.