​ക്ഷേത്ര ദർശനത്തിന് ദേവസ്വം മന്ത്രിയോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് പൂജാരി; സസ്​പെൻഷൻ

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ദേവസ്വം മന്ത്രിയോട് കൈക്കൂലി ആവശ്യപ്പെട്ട പൂജാരിക്ക് സസ്​പെൻഷൻ. തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്ര ദർശനത്തിനെത്തിയ ദേവസ്വം മന്ത്രി എസ്. രമേശിനോടും അദ്ദേഹത്തിന്റെ സഹായികളോടും 4000 രൂപ ​ഗൂ​ഗ്ൾ പേ ചെയ്യണമെന്ന് പൂജാരി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൂജാരിയെ സസ്​പെൻഡ് ചെയ്തു. കൂടാതെ രണ്ട് സുരക്ഷാ ജീവനക്കാരെയും കേശദാന സേവനങ്ങൾക്കായി ഭക്തരിൽ നിന്ന് പണം പിരിച്ച മറ്റ് രണ്ട് ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

വെള്ളി പുലർച്ചെ അഞ്ച് മണിയോടെയാണ് മുൻകൂട്ടി അറിയിക്കാതെ മന്ത്രി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ ഷൺമുഖവിലാസ് മണ്ഡപം വഴി നാലുപേരടങ്ങുന്ന സംഘത്തിന് ദർശനം ക്രമീകരിക്കാൻ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെ അയക്കുകയായിരുന്നു. ഇതോടെ ഒരാൾക്ക് ആയിരം രൂപ വീതം പൂജാരി ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയാണ് എത്തിയതെന്ന് പൂജാരി തിരിച്ചറിഞ്ഞിരുന്നില്ല.

ഗൂഗ്ൾ പേയിലൂടെ പണം കൈമാറിയതിന് തൊട്ടുപിന്നാലെ മന്ത്രി രമേശ് ജോയിന്റ് കമീഷണർ ഉൾപ്പെടെയുള്ള മുതിർന്ന ക്ഷേത്ര ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ക്രമക്കേടിന്റെ തെളിവായി ഡിജിറ്റൽ പേയ്‌മെന്റ് രസീത് കാണിക്കുകയും ചെയ്തു. തുടർന്നായിരുന്നു പൂജാരിക്കെതിരായ നടപടി.

തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി നിരവധി ഭക്തരും സാമൂഹിക പ്രവർത്തകരും പരാതി നൽകിയിരുന്നതായി മന്ത്രി പ്രതികരിച്ചു. പരിശോധനക്കിടെ ജീവനക്കാർ ക്ഷേത്ര ദർശനത്തിനായി ഭക്തരിൽനിന്ന് പണം പിരിക്കുന്നത് കണ്ടെത്തിയതായും പൂജാരിമാരും ക്ഷേത്ര ഉദ്യോഗസ്ഥരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും എല്ലാ ക്രമക്കേടുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Surprise Inspection At Tamil Nadu Temple Uncovers Bribery For Darshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.