മിന്നലാക്രമണം: എം.പിമാര്‍ക്കുമില്ല ചോദിക്കാന്‍ അവസരം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നടന്ന മിന്നലാക്രമണത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നത് എം.പിമാരായാലും മറുപടി കിട്ടില്ല. പാര്‍ലമെന്‍റിന്‍െറ പ്രതിരോധകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ചോദ്യമുന്നയിക്കാന്‍പോലും എം.പിമാര്‍ക്ക് അവസരം ലഭിച്ചില്ല. മിന്നലാക്രമണ വിവരങ്ങള്‍ വൈകിയാണെങ്കിലും വിമുഖത ബാക്കി നിര്‍ത്തി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ വിശദീകരിച്ചത് വെള്ളിയാഴ്ചയാണ്. എന്നാല്‍, രഹസ്യസ്വഭാവമുള്ളതാണെന്ന വിശദീകരണത്തോടെ, യോഗത്തില്‍ ചോദ്യങ്ങള്‍ വിലക്കുകയാണുണ്ടായത്. ഇതേച്ചൊല്ലി ചില എം.പിമാര്‍ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

മിന്നലാക്രമണം നടന്നശേഷം പലവിധത്തില്‍ സര്‍ക്കാറില്‍നിന്ന് വിശദീകരണമുണ്ടായി. മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനമായിരുന്നു ആദ്യത്തേത്. അതില്‍ വാര്‍ത്താലേഖകര്‍ക്ക് ചോദ്യമുന്നയിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. പിന്നീട്, സര്‍വകക്ഷി യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴും രഹസ്യാത്മകത മുന്‍നിര്‍ത്തി കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല.
പ്രതിരോധ മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം നടന്നത് മിന്നലാക്രമണത്തെ ചൊല്ലി നടന്ന വിവാദങ്ങള്‍ക്കു പിന്നാലെയാണ്.

ചോദ്യമുന്നയിക്കാന്‍ അവസരം നല്‍കാത്തതിനെ കോണ്‍ഗ്രസ് അംഗങ്ങളായ അംബിക സോണി, മധുസൂദനന്‍ മിസ്ത്രി തുടങ്ങിയവര്‍ എതിര്‍ത്തു. യോഗത്തില്‍ വാക്കേറ്റവുമുണ്ടായി. പാര്‍ലമെന്‍റ് അംഗങ്ങളില്‍ വിശ്വാസമില്ലായ്മയാണ് ഇതു കാണിക്കുന്നതെന്ന് അവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Tags:    
News Summary - surgical strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.