തകർന്നുവീണ ജലസംഭരണി

ഗുജറാത്തിൽ 21 കോടിരൂപ ചെലവിൽ നിർമിച്ച കൂറ്റൻ കുടിവെള്ള ടാങ്ക് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകർന്നുവീണു

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 33 ഗ്രാമങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി നിർമിച്ച കൂറ്റൻ വാട്ടർ ടാങ്ക് വെള്ളം നിറച്ച ആദ്യ ദിവസംതന്നെ തകർന്നു വീണു. 21 കോടി രൂപ ചെലവാക്കി നിർമ്മിച്ച ടാങ്ക് ഉദ്ഘാടനത്തിന് തയാറെടുക്കവെയാണ് തകർന്നത്. മാണ്ഡവി താലൂക്കിലെ തഡ്‌കേശ്വർ ഗ്രാമത്തിൽ ഗുജറാത്ത് സർക്കാറിന്റെ 'ഗായ്‌പഗ്ല ഗ്രൂപ്പ് വാട്ടർ സപ്ലൈ സ്കീ’മിൽ ഉൾപ്പെടുത്തി നിർമിച്ച ടാങ്കാണിത്. 11 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള ഭീമൻ ടാങ്കിന് 15 മീറ്റർ ഉയരമാണുണ്ടായിരുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പരീക്ഷണാടിസ്ഥാനത്തിൽ ടാങ്കിൽ ഒമ്പത് ലക്ഷം ലിറ്റർ വെള്ളം നിറച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ടാങ്കിന്റെ താങ്ങുതൂണുകൾ തകരുകയും നിമിഷങ്ങൾക്കുള്ളിൽ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തുകയുമായിരുന്നു. അപകടസമയത്ത് ടാങ്കിന് സമീപം ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്ക് (ഒരു സ്ത്രീ ഉൾപ്പെടെ) പരിക്കേറ്റു. ടാങ്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിനാലും സമീപത്ത് വീടുകൾ ഇല്ലാതിരുന്നതിനാലും വൻദുരന്തം ഒഴിവായി.

ടാങ്കിൽനിന്ന് പുറത്തേക്കൊഴുകിയ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സമീപപ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. ഗുണനിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ചതാണ് ടാങ്ക് തകരാൻ കാരണമെന്ന് നാട്ടുകാരും പ്രതിപക്ഷവും ആരോപിക്കുന്നു. കോൺഗ്രസ് ഇതിനെ ബി.ജെ.പി സർക്കാറിന്റെ ‘അഴിമതിയുടെ സ്മാരകം’ എന്ന് വിശേഷിപ്പിച്ചു. സംഭവത്തിൽ ഗുജറാത്ത് സർക്കാർ കർശന നടപടികൾ ആരംഭിച്ചു. കരാറുകാരൻ, എൻജിനീയർമാർ ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വീഴ്ച വരുത്തിയ രണ്ട് എൻജിനീയർമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. നിർമാണം നടത്തിയ 'ജയന്തി സ്വരൂപ്' എന്ന ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. സൂറത്തിലെ എസ്.വി.എൻ.ഐ.ടിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ സാങ്കേതിക അന്വേഷണത്തിനായി നിയോഗിച്ചു. അവശിഷ്ടങ്ങളിൽനിന്ന് സിമന്റ് പാളികൾ അടർന്നുമാറുന്ന നിലയിലാണെന്നും ഇരുമ്പ് കമ്പിയുടെ അളവിൽ കുറവുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുടിവെള്ളം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 33 ഗ്രാമങ്ങളിലെ ജനങ്ങൾ ഇപ്പോൾ വലിയ നിരാശയിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ജനങ്ങളുടെ പണം പാഴാക്കിയവർ ശിക്ഷിക്കപ്പെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Surat's 21-Crore Water Tank Was To Serve 33 Villages, Collapsed On Day 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.