വിവി പാറ്റ് മെഷീനിന്‍റെ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തത തേടി സുപ്രീംകോടതി; ഉച്ചക്കുശേഷം വിധി പറയും

ന്യൂഡൽഹി: വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് കൂടുതൽ വ്യക്തതതേടി സുപ്രീംകോടതി. അഞ്ചു വിഷയങ്ങളിലാണ് കോടതി വിശദീകരണം തേടിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിലെത്തി വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂനിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?, മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂനിറ്റുകൾ എത്ര?, വോട്ടിങ് മെഷീൻ സീൽ ചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂനിറ്റും വിവി പാറ്റും സീൽ ചെയ്യന്നുണ്ടോ?, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ഡാറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ? എന്നീ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയത്.

കേസിന്‍റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്‍റെയും വിവി പാറ്റിന്‍റെയും പ്രവർത്തനം തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥന്‍ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നുമാണ് കമീഷൻ വാദം. എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകളും കമീഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്.

ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ്‌ കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് കോടതി പറഞ്ഞു. സോഴ്സ്‌ കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവി പാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് കോടതി വിധി പറയുന്നത്. നിലവിൽ, ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

Tags:    
News Summary - Supreme Court's 4 Questions To Election Commission On How VVPATs Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.