ന്യൂഡൽഹി: യു.പിയിലെ എം.എൽ.എ അബ്ബാസ് അൻസാരിക്കെതിരായ ഗുണ്ടാ നിയമപ്രകാരമുള്ള കേസിൽ 10 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട ഉത്തരവ് സുപ്രീംകോടതി തിരിച്ചുവിളിച്ചു.
അബ്ബാസ് അൻസാരിക്കെതിരെ അന്വേഷണം നിലനിൽക്കുന്നുണ്ടോ എന്നും കോടതി വ്യക്തത തേടി. അന്തരിച്ച ഗുണ്ടാനേതാവ് മുക്താർ അൻസാരിയുടെ മകനാണ് അബ്ബാസ്. ഇദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഗുണ്ടാ നിയമപ്രകാരമുള്ള കേസിൽ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. തുടർന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് മാർച്ച് ആറിലേക്ക് കേസ് മാറ്റി.
ഈ വിഷയത്തിൽ സംസ്ഥാനം തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന് കപിൽ സിബൽ പറഞ്ഞു. കുറ്റപത്ര പ്രകാരം അബ്ബാസ് അൻസാരി മാത്രമാണ് പ്രതി. എന്നാൽ, നാലു പ്രതികൾ ഒളിവിലാണെന്ന് സംസ്ഥാനം തെറ്റായി സത്യവാങ്മൂലം നൽകിയതായും സിബൽ പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് യു.പി സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് പറഞ്ഞു. തുടർന്നാണ് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് ബെഞ്ച് തിരിച്ചുവിളിക്കുകയും അന്വേഷണത്തിന്റെ സ്ഥിതി സൂചിപ്പിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തത്.
അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയായിരുന്നു സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടത്.
ചിത്രകൂട് ജില്ലയിൽ ഗുണ്ടാസംഘം പ്രവർത്തിച്ചതായി ആരോപിക്കപ്പെടുന്ന കേസിലാണ് അബ്ബാസ് അൻസാരി ജാമ്യ ഹരജി നൽകിയത്. അന്വേഷണം അവസാനിച്ച ശേഷം അൻസാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി എം.എൽ.എയാണ് അൻസാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.