സുപ്രീം കോടതി
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് പോലുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. രാജ്യത്ത് 3000 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ ആശ്ചര്യം പ്രകടിപ്പിച്ച ജസ്റ്റിസുമാരായ എ. സൂര്യകാന്ത്, എ. ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉരുക്കുമുഷ്‍ടിയോടെ ഇത്തരം സംഭവങ്ങളെ നേരിടുമെന്ന് വ്യക്തമാക്കി. രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടയിലാണ് ബെഞ്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളുടെയും വിവരങ്ങൾ സമർപ്പിക്കണമെന്ന് കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. രാജ്യത്തെ ഇത്തരം കേസുകളെല്ലാം കൈകാര്യം ചെയ്യാന്‍ സി.ബി.ഐക്ക് കഴിയുമോയെന്നും കോടതി ചോദിച്ചിരുന്നു.
ആഭ്യന്തര വകുപ്പിലെ പ്രത്യേക യൂനിറ്റാണ് ഈ കേസുകൾ സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. നവംബർ പത്തിന് കേസ് പരിഗണിക്കുമ്പോൾ ആവശ്യമായ നിർദേശങ്ങൾ കോടതി പുറപ്പെടുവിക്കും.
വ്യാജ കോടതി വിധി കാണിച്ച് നടത്തിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒന്നരക്കോടി നഷ്ടപ്പെട്ട മുതിർന്ന പൗരന്മാരായ ഹരിയാന അംബാലയിലെ ദമ്പതികൾ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ പേരും സീലും അധികാരവും ദുരുപയോഗം ചെയ്ത് വ്യാജ രേഖകളുണ്ടാക്കുന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.