ദേശീയഗാന വിധിക്ക് ആധാരമായ ഹരജിയില്‍ നടപടിക്രമം പാലിച്ചില്ല

ന്യൂഡല്‍ഹി: ദേശീയഗാനവുമായി ബന്ധപ്പെട്ട കേസിലെ ഹരജി സുപ്രീംകോടതി പരിഗണിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് പരാതി. മധ്യപ്രദേശ് ഹൈകോടതിയില്‍ ഇതേ വിഷയം പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര ഇരിക്കുന്ന സുപ്രീംകോടതി ബെഞ്ചിനെ കേസ് പരിഗണിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന വിവരം പുറത്തായതോടെയാണ് നടപടിക്രമ ലംഘനവും നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായത്.

സുപ്രീംകോടതി ഉത്തരവിന്‍െറ ചുവടുപിടിച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പരാതികളും അറസ്റ്റുകളും തുടങ്ങിയതിനിടയിലാണ് ശ്യാം നാരായണ്‍ ചൗക്സേ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയില്‍ സുപ്രീംകോടതി രജിസ്ട്രി നടപടിക്രമം പാലിച്ചില്ളെന്ന ആക്ഷേപമുയര്‍ന്നത്. എല്ലാ റിട്ട് ഹരജികളും പൊതുതാല്‍പര്യ ഹരജികളും പ്രത്യേകാനുമതി ഹരജികളും കോടതി മാറ്റത്തിനായുള്ള അപേക്ഷകളും സമര്‍പ്പിക്കുമ്പോഴും നടപടിക്രമങ്ങള്‍ വിശദമാക്കുന്ന രേഖകൂടി സമര്‍പ്പിക്കേണ്ടതുണ്ട്.  മാതൃകാരൂപവും സുപ്രീംകോടതി ഈ രേഖക്ക് നിശ്ചയിച്ചിട്ടുണ്ട്.

സമര്‍പ്പിക്കുന്ന ഹരജി ഏതെങ്കിലും പ്രത്യേക ജഡ്ജിയുടെ മുന്നില്‍ വരാന്‍ പാടില്ളെങ്കില്‍ അക്കാര്യം ഈ രേഖയിലാണ് ഹരജിക്കാരന്‍ പരാമര്‍ശിക്കുക. കേസിലെ കക്ഷികള്‍ ജഡ്ജിമാരുമായി ബന്ധപ്പെട്ടവരാകുക, നേരത്തേ ഇതേ വിഷയം ഇതേ ജഡ്ജിക്കുമുന്നില്‍ വന്നതാകുകയോ ജഡ്ജി നടപടിയെടുത്തതോ ആകുക, ഇതേ വിഷയത്തില്‍ ജഡ്ജി കീഴ്കോടതിയിലായിരിക്കെ മുമ്പ് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചതാകുക എന്നീ കാരണങ്ങള്‍കൊണ്ടാണ് കേസ് അതേ ജഡ്ജിക്കുമുന്നില്‍ വരരുതെന്ന് ആവശ്യപ്പെടാറുള്ളത്.

ദേശീയഗാനത്തിന്മേല്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ദീപക് മിശ്ര മധ്യപ്രദേശ് ഹൈകോടതിയില്‍ ജഡ്ജിയായിരിക്കെ ഒരു സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ‘കഭി ഖുഷി കഭി ഗം’ എന്ന ഹിന്ദി സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസ് എ.കെ. ശ്രീവാ്സതവയുമായി ചേര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്ര സമാനമായ വിധി പുറപ്പെടുവിച്ചത്.

തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം ബെഞ്ച് തടയുകയും ചെയ്തു. എന്നാല്‍, പിന്നീട് വിഷയത്തിലിടപെട്ട സുപ്രീംകോടതി ഉത്തരവ് റദ്ദാക്കി സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കി. അതിനാല്‍, ഇപ്പോള്‍ സമര്‍പ്പിച്ച ഹരജിയില്‍ നടപടിക്രമ പട്ടികയിലെ അഞ്ചാം കോളത്തില്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുമ്പാകെ കേസ് പരിഗണിക്കരുതെന്ന് ഹരജിക്കാരന്‍ ശ്യാം നാരായണ്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഹരജിക്കാരന്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതിയില്‍ രേഖാമൂലം ആവശ്യപ്പെട്ട ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുമ്പാകെ പരിഗണിക്കാനായി ഹരജി മാറ്റുകയാണ് സുപ്രീംകോടതി രജിസ്ട്രി ചെയ്തത്. ഒഴിവാക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ട ജഡ്ജിക്കു മുമ്പാകതന്നെ ദേശീയ ഗാനത്തിന്‍െറ കേസ് എങ്ങനെയത്തെി എന്നതാണ് സുപ്രീംകോടതിയിലെ നിയമവൃത്തങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച.

 

Tags:    
News Summary - supreme court verdict abhout national anthem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.