ന്യൂഡൽഹി: ചെന്നൈ കോയമ്പേഡിലെ ഹിദായ മസ്ജിദും മദ്റസയും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും പൊളിക്കണമെന്നുമുള്ള മദ്രാസ് ഹൈകോടതി വിധി സുപ്രീം കോടതി ശരിവെച്ചു. 2023 നവംബർ 22ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
അനുമതിയില്ലാതെയാണ് മദ്റസയും പള്ളിയും നിർമിച്ചതെന്ന് മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് ജെ. നിഷ ബാനു പറഞ്ഞിരുന്നു. വിഷയത്തിൽ ഉദ്യോഗസ്ഥർ കാണിച്ച നിസ്സംഗതയോട് ജഡ്ജി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അനധികൃത നിർമാണങ്ങൾക്ക് നേരെ കോർപറേഷൻ ഉദ്യോഗസ്ഥർ കണ്ണടക്കുകയാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് മസ്ജിദ് പൊളിക്കുന്നതിന് നിർദേശം നൽകിയത്.
ഇതിനെതിരെ മസ്ജിദ് കമ്മിറ്റിയായ ഹൈദ മുസ്‌ലിം വെൽഫേറ്റ് ട്രസ്‌റ്റ് സുപ്രീം കോടതിയിൽ അപ്പീൽ പോവുകയായിരുന്നു. എന്നാൽ, പള്ളി നിലനിൽക്കുന്ന സ്ഥലം ഹരജിക്കാരന്റെ ഉടമസ്ഥതയിലല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെൻറ് അതോറിറ്റി (സി.എം.ഡി.എ) യുടെതാണ് ഭൂമി. ഹരജിക്കാരൻ അനധികൃത കൈയേറ്റക്കാരനാണ്. കെട്ടിട നിർമാണം അനുവദിക്കാൻ അവർ അപേക്ഷ നൽകിയിട്ടില്ല. തികച്ചും നിയമവിരുദ്ധമായാണ് നിർമാണം’ -കോടതി പറഞ്ഞു. കെട്ടിടങ്ങൾ നീക്കം ചെയ്യാൻ മേയ് 31 വരെ സമയം അനുവദിച്ചു.
മുതിർന്ന അഭിഭാഷകൻ എസ് നാഗമുത്തു, അഭിഭാഷകരായ എം.പി പാർത്ഥിബൻ, പ്രിയരഞ്ജനി നാഗമുത്തു, ശാലിനി മിശ്ര, ആർ. സുധാകരൻ, ടി. ഹരി ഹര സുധൻ, ബിലാൽ മൻസൂർ, ശ്രേയസ് കൗശൽ, പി.വി.കെ. ദേവേന്ദ്രൻ എന്നിവർ സുപ്രീം കോടതിയിൽ ഹരജിക്കാർക്കു വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.