വഖഫ് ഭേദഗതി നിയമം: ഹരജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഈ ഹരജികളിൽ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

മൂന്ന് ദിവസത്തെ തുടർച്ചയായ വാദങ്ങൾക്ക് ശേഷം മേയ് 22 ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.​ജി. മാസിഹ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചായിരിക്കും സെപ്റ്റംബർ 15ന് ഹരജികളിൽ വിധി പറയുക.

എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഒവൈസി, ഡൽഹി എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാൻ, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഞ്ജും കദാരി, തയ്യിബ് ഖാൻ സൽമാനി, മുഹമ്മദ് ഷാഫി, ടി.എം.സി എം.പി മഹുവ മൊയ്ത്ര, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ്, ആർ.ജെ.ഡി എം.പി മനോജ് കുമാർ ഝാ, എസ്.പി എം.പി സിയാവുർറഹ്മാൻ, സി.പി.ഐ, ഡി.എം.കെ തുടങ്ങിയവരാണ് ഹരജിക്കാരിൽ ഉൾപ്പെടുന്നത്.

രാജ്യത്തുടനീളമുള്ള എല്ലാ വഖഫ് സ്വത്തുക്കളും ആറുമാസത്തിനുള്ളിൽ ഒരു കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ജൂൺ ആറിന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത്. ഈ വിജ്ഞാപനം സ്റ്റേ ചെയ്യാൻ ആഗസ്റ്റ് 22ന് സുപ്രീംകോടതി ബെഞ്ച് വിസമ്മതിച്ചിരുന്നു.

ന്യൂനപക്ഷ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ എല്ലാ വഖഫ് സ്വത്തുക്കളും യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി, ആൻഡ് ഡെവലപ്മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർബന്ധമാക്കിയത്.

വഖഫ് ​ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നേരത്തേ വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി തല്‍സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് നൽകിയിരുന്നു. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയവും അനുവദിച്ചിരുന്നു. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ ഡി നോട്ടിഫൈ ചെയ്യരുതെന്നും വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

Tags:    
News Summary - Supreme Court to pronounce interim order on pleas challenging Waqf Act on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.