അധികാര പ്രയോഗത്തിനുള്ള കരുതൽ തടങ്കൽ മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കരുതൽ തടങ്കൽ അപരിഷ്കൃത നടപടിയാണെന്നും അധികാരപ്രയോഗത്തിനായുള്ള ഈ നീക്കം മുളയിലേ നുള്ളണമെന്നും സുപ്രീംകോടതി. ഒരാൾ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ എന്ന നിലക്കല്ല, മറിച്ച് കുറ്റം ചെയ്യാതിരിക്കാനുള്ള നടപടി എന്നതാണ് കരുതൽ തടങ്കലിന്റെ അടിസ്ഥാനതത്വമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന പൊലീസിന് ക്രമസമാധാനപാലനം സാധ്യമാകുന്നില്ല എന്നത് കരുതൽ തടങ്കൽ നടപ്പാക്കാനുള്ള കാരണമാകരുതെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് തുടർന്നു.

കരുതൽ തടങ്കലിലാക്കിയ ആളുടെ അപ്പീൽ തള്ളിയ തെലങ്കാന ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് കോടതി പരാമർശം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തെലങ്കാനയിലെ രചകൊണ്ട പൊലീസ് കമീഷണറുടെ ഉത്തരവുപ്രകാരം തെലങ്കാനയിലെ പ്രത്യേക നിയമപ്രകാരം പരാതിക്കാരനെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യപ്പെട്ടയാളുടെ ഹരജി നാലു ദിവസത്തിന് ശേഷം തെലങ്കാന ഹൈകോടതി തള്ളിയിരുന്നു.

സാധ്യമാകുന്ന ആദ്യ സാഹചര്യത്തിൽതന്നെ കരുതൽ തടങ്കൽ സാധ്യത ഇല്ലാതാക്കണമെന്നും വിഷയത്തിൽ ഉപദേശക സമിതി എല്ലാ വശങ്ങളും പരിശോധിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതിൽ ബന്ധപ്പെട്ട അധികാരികളുടെ വാദങ്ങൾ മാത്രം പരിഗണിക്കപ്പെടരുത്. തടവിലാക്കപ്പെടുന്നയാളുടെ തടവിനുള്ള സാധ്യത ന്യായീകരിക്കപ്പെടണം. അധികാരികളുടെ കണ്ണിൽ മാത്രമല്ല, നിയമത്തിന്റെ കണ്ണിൽ കരുതൽ തടവിന്റെ ആവശ്യമുണ്ടോ എന്ന കാര്യം സമിതി വിലയിരുത്തണം. -ബെഞ്ച് തുടർന്നു.

മാല പൊട്ടിച്ചു എന്നതാണ് കരുതൽ തടവിലാക്കിയ ആളുടെ മേലുള്ള കുറ്റം. ഇയാളുടെ പ്രവൃത്തി പ്രദേശത്തെ ക്രമസമാധാന നിലയെയും സ്ത്രീകളുടെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നുമായിരുന്നു പൊലീസ് വാദം. എന്നാൽ, ക്രമസമാധാന നില തകരാറിലാകും വിധമുള്ള പ്രശ്നമായി ഇതിനെ കാണാനാകില്ലെന്നും അതിനാൽ കരുതൽ തടങ്കലിനെ നീതികരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കരുതൽ തടങ്കലിനുള്ള ഉത്തരവിറക്കിയ അധികാരികളുടെ നടപടിയെ ജാഗ്രതപൂർവമല്ലാതെ, യാന്ത്രികമായി വിലയിരുത്തിയ ഉപദേശക സമിതി നടപടിയെ കോടതി ചോദ്യം ചെയ്തു.

Tags:    
News Summary - Supreme Court to nip in the bud preventive detention for exercise of power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.