ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ ചെയ്ത വോട്ടുകൾ ഒത്തുനോക്കാൻ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഏപ്രിൽ 16ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിലെ എല്ലാ ഹർജികളും അടുത്ത ചൊവ്വാഴ്ച വാദം കേൾക്കാൻ പരിഗണിക്കുമെന്ന് അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടെങ്കിലും രണ്ടാഴ്ച കഴിഞ്ഞേ പരിഗണിക്കാനാകൂവെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഹരജി പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖന്ന, ജസ്റ്റിസുമാരായ ബേല എം. ത്രിവേദിക്കും എം.എം. സുന്ദരേഷിനുമൊപ്പം മറ്റൊരു ബെഞ്ചിലിരിക്കെ അവിടെ എത്തിയാണ് സിബൽ വിവിപാറ്റ് ഹരജികളുടെ കാര്യം പരാമർശിച്ചത്. ജസ്റ്റിസ് ഖന്ന ബുധനാഴ്ച പരിഗണിക്കേണ്ട ഹരജികളായിരുന്നു ഇവയെന്നും പ്രത്യേക കോടതി ചേർന്നതുമൂലം അതിന് കഴിയാതെ പോയതാണെന്നും സിബൽ ചൂണ്ടിക്കാട്ടിയിരുന്നു.
വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാനായി ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവ വിവിപാറ്റ്. വോട്ടിങ് യന്ത്രവുമായി (ഇ.വി.എം) ഘടിപ്പിച്ച വിവിപാറ്റ് യന്ത്രമാണ്, വോട്ടർ ആർക്കാണ് വോട്ട് ചെയ്തതെന്ന് രേഖാമൂലം തെളിയിക്കുന്ന സ്ലിപ്പ് പുറപ്പെടുവിക്കുന്നത്.
മുഴുവൻ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാൽ ഫലം വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. കൂടുതൽ മനുഷ്യശേഷിയും ഒരു മേഖലക്ക് 5-6 മണിക്കൂർ സമയവും വേണ്ടിവരുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.