ന്യൂഡൽഹി: ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ നടത്തുന്നു എന്നതുകൊണ്ടുമാത്രം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ സ്ഥാപനപദവി ലഭിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഉത്തർപ്രദേശ് സർക്കാർ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമീഷൻ, ദേശീയ മെഡിക്കൽ കമീഷൻ തുടങ്ങിയവർക്ക് നോട്ടീസ് അയച്ചു. തങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നൽകാനാവില്ലെന്ന അലഹബാദ് ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് മഹായാന തേരവാദ വജ്രയാന ബുദ്ധിസ്റ്റ് റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി.
സ്ഥാപനത്തെ ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കാൻ പറ്റില്ലെന്ന ഉത്തർപ്രദേശ് സർക്കാർ ഉത്തരവിനെതിരെയാണ് ട്രസ്റ്റ് ഹൈകോടതിയെ സമീപിച്ചത്.
സർക്കാർ തീരുമാനം ശരിവെച്ച ഹൈകോടതി, 2006ലെ ഉത്തർപ്രദേശ് പ്രൈവറ്റ് പ്രഫഷനൽ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരം, ഒരു സ്ഥാപനത്തെ ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കണമെങ്കിൽ അത് ഒരു ന്യൂനപക്ഷ വിഭാഗം നിയന്ത്രിക്കുന്നതുമാത്രമായാൽ പോര, ന്യൂനപക്ഷം സ്ഥാപിച്ചതുമായിരിക്കണം എന്ന വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല സംസ്ഥാന സർക്കാർ അത് അംഗീകരിക്കുകയും വേണമെന്ന് ഹൈകോടതി ഉത്തരവിൽ പറഞ്ഞു. ഹരജിക്കാരായ ചാരിറ്റബിൾ ട്രസ്റ്റ് 2001ലാണ് മെഡിക്കൽ കോളജ് സ്ഥാപിച്ചത്.
ട്രസ്റ്റിലെ അംഗങ്ങൾ 2015ൽ ബുദ്ധമതം സ്വീകരിച്ചു. തുടർന്നാണ് തങ്ങൾക്ക് ന്യൂനപക്ഷ സ്ഥാപന പദവി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.