ന്യൂഡല്‍ഹി: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സതീഷ് ചന്ദ്ര വര്‍മയെ സർവിസില്‍നിന്ന് പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാർ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നടപടിക്കെതിരെ ഡൽഹി ഹൈകോടതിയെ സമീപിക്കാൻ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഒരാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
വിരമിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെയാണ് ആഗസ്റ്റ് 30ന് സതീഷ് ചന്ദ്ര വർമയെ കേന്ദ്രം പിരിച്ചുവിട്ടത്. വകുപ്പു തല അന്വേഷണത്തിനൊടുവില്‍ വര്‍മക്കെതിരെ നടപടിയെടുക്കാന്‍ ഹൈകോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അനുമതി നല്‍കിയിരുന്നു. വിവിധ വിഷയങ്ങളില്‍ മാധ്യമങ്ങളോട് സംസാരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പിരിച്ചുവിട്ടതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
ഇശ്റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖ് അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു സതീഷ് ചന്ദ്ര വര്‍മ.
ഇസ്രത്ത് ജഹാൻ, മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ശൈഖ് എന്നിവർ ഉൾപ്പെടെ നാലുപേരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമർപ്പിച്ച സി.ബി.ഐ അന്വേഷണസംഘത്തിൽ സതീഷ് ചന്ദ്ര വർമയുമുണ്ടായിരുന്നു. നിലവിൽ ഇദ്ദേഹം തമിഴ്നാട്ടിൽ സി.ആർ.പി.എഫ് ഐ.ജിയാണ്. രാജ്യത്തിന്‍റെ അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സതീഷ് വർമയെ പിരിച്ചുവിട്ട് ആഗസറ്റ് 30 ന് സർക്കാർ ഉത്തരവിറക്കിയത്.
ഇശ്റത്ത് ജഹാന്‍ ഏറ്റുമുട്ടൽ കേസിൽ ആദ്യം ഗുജറാത്ത് ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അംഗമായിരുന്നു സതീഷ് വർമ. പിന്നീട് സി.ബി.ഐ അന്വേഷണ സംഘത്തിലുമുണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പി.പി പാണ്ഡെ, ഡി.ജി വൻസാര, പി ജി.എൽ സിംഗാൾ, റിട്ട. പൊലീസ് സൂപ്രണ്ട് എൻ.കെ അമിൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുൺ ബരോട്ട് എന്നിവരുൾപ്പെടെയുള്ള എട്ട് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2004 ജൂൺ 15നാണ് പ്രാണേഷ് പിള്ള, ഇശ്റത്ത് ജഹാന്‍, അംജദ് അലി റാണ, സീഷൻ ജോഹർ എന്നിവരെ അഹ്മദാബാദിനടുത്ത കോതാർപൂരിൽ വെച്ച് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. നാലു പേരും ലഷ്കറെ ത്വയിബ തീവ്രവാദികളാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് എത്തിയവരാണ് എന്നുമായിരുന്നു പൊലീസ് അവകാശപ്പെട്ടിരുന്നത്.
നാലുപേരെയും കസ്റ്റഡിയില്‍വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രാണേഷ് പിള്ളയുടെ പിതാവ് ഗോപിനാഥ പിള്ളയായിരുന്നു കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇശ്റത്തിന്‍റെ മാതാവിനൊപ്പം കോടതിയെ സമീപിച്ചത്. പിരിച്ചുവിട്ട ഉത്തരവ് നടപ്പാക്കിയാൽ 1986 ബാച്ച് ഉദ്യോഗസ്ഥനായ സതീഷ് ചന്ദ്ര വർമ്മക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.