'ഗൗതം ദാസ് മോദി' പരാമർശം; കേസ് റദ്ദാക്കണമെന്ന പവൻ ഖേരയുടെ ഹരജിയിൽ യു.പി പൊലീസിന്‍റെ നിലപാട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്ന് വിളിച്ച കേസിൽ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് പവൻ ഖേര നൽകിയ ഹരജിയിൽ സുപ്രീംകോടതി യു.പി പൊലീസിന്‍റെ നിലപാട് തേടി. ഇതേ ആവശ്യവുമായി സമർപ്പിച്ച ഹരജി നേരത്തെ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ദുരുദ്ദേശ്യത്തോടെ നടത്തിയ പ്രസ്താവനയല്ലെന്ന് പവൻ ഖേര വിശദീകരണം നൽകിയെന്നും എക്സിൽ ഖേദപ്രകടനം നടത്തിയെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിൽ ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്നത് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അപകീർത്തി, രാജ്യത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം, വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കാനുള്ള ശ്രമം, പൊതുസമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഒരിക്കലും ഇതായിരുന്നില്ല ട്വീറ്റിന്‍റെ ഉദ്ദേശ്യം. പൂർണമായും വളച്ചൊടിച്ചതാണ് -അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ ഇക്കാര്യത്തിൽ നിലപാട് തേടി യു.പി പൊലീസിന് നോട്ടീസ് അയക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

ഫെബ്രുവരിയിൽ അദാനിയുടെ ഓഹരി തട്ടിപ്പ് സംബന്ധിച്ച ഹിൻഡൻബർ​ഗ് റിപ്പോർട്ട് കത്തിനിൽക്കെയാണ് പ്രധാനമന്ത്രിയും ​​ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ച് പവൻ ഖേര 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്ന പ്രസ്താവന നടത്തിയത്. ഇതേത്തുടർന്ന് ഖേരക്കെതിരെ അസമിലും യു.പിയിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പ്രസ്താവനയിൽ കേസെടുത്ത അസം പൊലീസ് ഫെബ്രുവരി 23ന് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിൽനിന്നിറക്കി അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വിഷയം പരിഗണിച്ച സുപ്രീംകോടതി അന്നു തന്നെ ഖേരക്ക് ഇടക്കാല ജാമ്യം അനുദിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Supreme Court Seeks UP Police Response To Pawan Khera's Plea To Quash FIR Over 'Gautam Das' Remark Against PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.