ന്യൂഡൽഹി: ജനിച്ച രാജ്യത്ത് വോട്ടുചെയ്യാനുള്ള അവകാശം ഭരണഘടനാപരം മാത്രമല്ല, വൈകാരികം കൂടിയാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ ഓർമിപ്പിച്ചു.
പശ്ചിമ ബംഗാളിലെ വോട്ടർമാർ വിവിധ വ്യത്യസ്ത ഭരണഘടനാ സ്ഥാപനങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിനൊപ്പം എസ്.ഐ.ആർ കേസ് കേൾക്കുന്നതിനിടെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വിമർശിച്ചു. പശ്ചിമ ബംഗാളിൽ മാത്രമാണ് എസ്.ഐ.ആറിൽ സംശയാസ്പദ വോട്ടർമാരുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉണ്ടാക്കിയിരിക്കുന്നതെന്ന് ബാഗ്ചി തുടർന്നു. വോട്ടർപട്ടിക ശുദ്ധീകരിക്കാനാണ് കമീഷന് അനുവാദം നൽകിയത്. എസ്.ഐ.ആറിന്റെ അസ്സൽ വിജ്ഞാപനം 2002ലെ പട്ടികയിൽ തൊടുന്നേയില്ല.
2002ലെ പട്ടികയിൽ പേരുള്ളവർക്ക് ഒരു രേഖയും വേണ്ട എന്നായിരുന്നു ബിഹാർ എസ്.ഐ.ആർ കാലത്ത് കമീഷൻ പറഞ്ഞിരുന്നതും. സംശയമുണ്ടെങ്കിൽ സ്വന്തം വാദം എടുത്തുനോക്കാൻ കമീഷനോട് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. 2002ലെ പട്ടികയിലെ അതേയാൾ തന്നെയാണ് താനെന്ന് ഒരാൾ തെളിയിക്കണമെന്ന് കമീഷൻ അഭിഭാഷകൻ ഡി.എസ്. നായിഡു വാദിച്ചപ്പോൾ നേരത്തെ നടത്തിയ വാദത്തിൽ ഇപ്പോൾ മാറ്റം വരുത്തിയെന്ന് ജസ്റ്റിസ് ബാഗ്ചി പ്രതികരിച്ചു.
എന്നാൽ തങ്ങളുടെ ഫയലുകൾ കമീഷൻ അപ്പലറ്റ് ട്രൈബ്യൂണലുകൾക്ക് മുന്നിൽ വെക്കുന്നില്ലെന്ന വോട്ടർമാരുടെ ആവലാതി കേൾക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തയാറായില്ല. ഈ വിഷയവും അപ്പലറ്റ് ട്രൈബ്യൂണലിൽ പോയി പറയണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അപ്പീലുകൾ തീർപ്പാക്കാൻ സമയപരിധി വെക്കുമോ എന്ന് അഭിഭാഷകൻ ചോദിച്ചപ്പോൾ ട്രൈബ്യൂണലിലെ മുൻ ചീഫ് ജസ്റ്റിസുമാരെയും ജഡ്ജിമാരെയും സമ്മർദത്തിലാക്കാനാണോ ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വോട്ടർമാരുടെ അപ്പീൽ തള്ളിയതിന് ജഡ്ജിമാർ കാരണം രേഖപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെ പറഞ്ഞത് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ജഡ്ജിമാരെ കോടതിക്ക് സംശയിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
2002ലെ പട്ടികയിൽ പേരുണ്ടെന്നും, ആധാർ കാർഡും പാസ്പോർട്ടും കൈവശമുണ്ടെന്നും പുറത്താക്കപ്പെട്ടവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. സമർപ്പിച്ച അപ്പീലുകൾ അപ്പലറ്റ് ട്രൈബ്യൂണലുകളുടെ മുമ്പാകെ തീർപ്പാകാതെ കിടക്കുകയാണ്. ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് ട്രൈബ്യൂണൽ തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്.
അതേസമയം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ട്രൈബ്യൂണലുകൾ ഇത്തരം അപ്പീലുകൾ പരിഗണിക്കണമെന്ന് ജസ്റ്റിസ് ബാഗ്ചി ഓർമിപ്പിച്ചു. വെട്ടിമാറ്റപ്പെട്ടവരുടെ അപ്പീലുകൾ സംസ്ഥാനത്തെ 19 അപ്പലറ്റ് ട്രൈബ്യൂണലുകളാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.