ന്യൂഡൽഹി: കുടുംബനാഥൻ മരിച്ചാലുള്ള ആശ്രിത നിയമനത്തിനുള്ള അർഹതയിൽ നിന്ന് വിവാഹിതരായ മക്കളെ ഒഴിവാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ആശ്രിതരുടെ നിർവചനത്തിൽ നിന്ന് വിവാഹിതയായ മകളെ ഒഴിവാക്കുന്നത് തികച്ചും ഏകപക്ഷീയവും നീതീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. വിവാഹിതരായ മകൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക വിധി.
റേഷൻ കട ഉടമയായിരുന്ന അമ്മയുടെ മരണത്തെ തുടർന്ന് ആശ്രിത ക്വാട്ടയിൽ ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ വനിത സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടൽ. വിവാഹിതരായ മക്കളെ 'കുടുംബം' എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കിയുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവിനെയാണ് ഹരജിക്കാരി ചോദ്യം ചെയ്തത്. എന്നാൽ, മരണപ്പെട്ടയാളുടെ കുടുംബം നേരിടുന്ന പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ആശ്രിത നിയമനമെന്നും, അവിടെ പരിഗണിക്കേണ്ടത് അപേക്ഷകന്റെ സാമ്പത്തികാവസ്ഥയും ആശ്രയത്വവും മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹം കഴിക്കുന്നതോടെ മകൾക്ക് അവളുടെ സ്വന്തം കുടുംബവുമായുള്ള ബന്ധം അവസാനിക്കുന്നുവെന്ന ധാരണ ഭരണഘടനാപരമായി അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു. വിവാഹ ശേഷവും മാതാപിതാക്കൾക്കൊപ്പം ജീവിക്കുകയോ അവരെ സാമ്പത്തികമായി പിന്തുണക്കുകയോ ചെയ്യുന്ന നിരവധി പെൺകുട്ടികൾ ഇന്നത്തെ സാമൂഹിക സാഹചര്യത്തിലുണ്ട്. അതേസമയം, വിവാഹിതനായ മകനെ കുടുംബത്തിന്റെ ഭാഗമായി നിലനിർത്തുകയും മകളെ മാത്രം ഒഴിവാക്കുകയും ചെയ്യുന്നത് ലിംഗവിവേചനവും മുൻവിധിയുമാണ്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതയായ മകൾ ഭർത്തൃവീട്ടിലായിരിക്കും താമസമെന്ന സർക്കാരിന്റെ വാദവും കോടതി തള്ളി. എല്ലാ പെൺകുട്ടികളും വിവാഹശേഷം ദൂരേക്ക് മാറിത്താമസിക്കുമെന്ന് മുൻകൂട്ടി അനുമാനിക്കാൻ കഴിയില്ല. ഈ കേസിൽ ഹരജിക്കാരി വിവാഹശേഷവും സ്വന്തം ഗ്രാമത്തിലാണ് താമസിച്ചിരുന്നതെന്നും കാഴ്ചപരിമിതിയുള്ള സഹോദരി ഉൾപ്പെടെയുള്ളവരുടെ സംരക്ഷണം ഏറ്റെടുത്തത് അവരാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിത എന്ന ഒറ്റക്കാരണം പറഞ്ഞ് അപേക്ഷ തള്ളിയ അധികൃതരുടെ നടപടി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജിക്കാരിക്ക് അനുകൂലമായി അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.