ന്യൂഡല്‍ഹി: കല്പിതസര്വകലാശാലകള് വിദൂരവിദ്യാഭ്യാസമായി എൻജിനീയറിങ് കോഴ്സുകള്‍ നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഉന്നതവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ ഒരു മാസത്തിനകം മൂന്നംഗ വിദഗ്ധ സമിതിയുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. കൽപിതസര്വകലാശാലകള് ‘സര്‍വകലാശാല’ എന്ന വാക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഒരുമാസത്തിനകം നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
മൂന്ന് കൽപിതസര്വകലാശാലകള് 2001-നും 2005-നുമിടക്ക് വിദൂര കോഴ്സുകള്‍ വഴി നല്കിയ എൻജിനീയറിങ് ബിരുദം കോടതി റദ്ദാക്കി. ജെ.ആര്.എന്‍. രാജസ്ഥാന് വിദ്യാപീഠ്, രാജസ്ഥാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ എജുക്കേഷന്‍, അലഹബാദ് അഗ്രികള്‍ചറല്‍ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ബിരുദമാണ് റദ്ദാക്കിയത്. ഇവിടത്തെ വിദ്യാര്‍ഥികള്‍ എ.ഐ.സി.ടി.ഇയുെടയും യു.ജി.സിയുെടയും സംയുക്ത മേല്‍നോട്ടത്തില്‍ നടത്തുന്ന പരീക്ഷ പാസാകുന്നതുവരെയാണ് അവരുടെ ബിരുദം സസ്പെന്‍ഡ് ചെയ്തത്. ഈ പരീക്ഷ ജയിക്കാന്‍ രണ്ട് അവസരങ്ങള്‍ നല്‍കും.
അടുത്ത അക്കാദമികവര്‍ഷം മുതല്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതിയില്ലാതെ വിദൂരമാതൃകയില് ഒരു കോഴ്സും കല്പിത സര്‍വകലാശാലകള്‍ നടത്തരുത്. ഓരോ കോഴ്സിനും പ്രത്യേകം അനുമതി നേടണം. എൻജിനീയറിങ് കോഴ്സുകളുടെ നട്ടെല്ലാണ് പ്രാക്ടിക്കൽ എന്നും അതില്ലാത്ത വിദൂരവിദ്യാഭ്യാസം അനുവദിക്കരുതെന്നുമാണ് എ.ഐ.സി.ടി.ഇ നിലപാട്. ഇത് എല്ലാവരും അംഗീകരിക്കണം.ഉന്നതവിദ്യാഭ്യാസരംഗത്തെ വിവിധവിഷയങ്ങള്‍ പരിശോധിച്ച് വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രം മൂന്നംഗ സമിതിയുണ്ടാക്കണമെന്നും ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കൽപിതസര്വകലാശാലകളെ നിയന്ത്രിക്കാനുള്ള സംവിധാനം നിർദേശിക്കണമെന്നും ഉത്തരവിലുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഒരു മാസത്തിനകം സര്‍ക്കാര്‍ പരിഗണിക്കണം. അടുത്തവര്‍ഷം സെപ്റ്റംബര്‍ 11-ന് ഇക്കാര്യം കോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.