കത്വാ: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികനും മരണാനന്തര കീർത്തി ചക്ര ജേതാവുമായ ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ ത്യാഗത്തെ ആദരിച്ച് ജമ്മു കശ്മീരിലെ കത്വാ റെയിൽവേ സ്റ്റേഷൻ. ഇനി മുതൽ സ്റ്റേഷൻ "മാർട്ടിർ ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി കത്വാ റെയിൽവേ സ്റ്റേഷൻ" എന്ന പേരിലായിരിക്കും അറിയപ്പെടുക. നോർത്ത്ൺ റെയിൽവേയുടെ ഉത്തരവിനെ തുടർന്നാണ് കത്വാ റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗികമായി പുനർനാമകരണം ചെയ്തത്.
സ്റ്റേഷന്റെ പഴയ കോഡായ കെ.ടി.എച്ച്.യു-വിന് പകരം എം.എസ്.കെ.ടി .എന്ന പുതിയ സ്റ്റേഷൻ കോഡും നിലവിൽ വന്നു. അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റത്തിലും പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിലും സ്റ്റേഷൻ "എം.സി സുനിൽ കത്വാ" എന്ന പേരിലാണ് രേഖപ്പെടുത്തുക. മറ്റ് റെയിൽവേ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ കുടുംബാംഗങ്ങളും കത്വാ സ്വദേശികളും വർഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം.
ജമ്മു കശ്മീരിലെ കത്വാ സ്വദേശിയായ ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി ഇന്ത്യൻ സൈന്യത്തിലെ 7/11 ഗോർഖ റൈഫിൾസ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്നു. 2004-ലാണ് അദ്ദേഹം സൈന്യത്തിൽ കമ്മീഷൻ ലഭിച്ചത്. അസമിൽ ഉൾഫ ഭീകരർക്കെതിരായ ഭീകരവിരുദ്ധ ദൗത്യങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
2008 ജനുവരി 27-ന് അസമിലെ ടിൻസുകിയ ജില്ലയിലെ രംഗഗഡ് ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിനിടെ നെഞ്ചിൽ ഗുരുതരമായി വെടിയേറ്റിട്ടും അദ്ദേഹം പോരാട്ടം അവസാനിപ്പിച്ചില്ല. പരിക്കുകളെ അവഗണിച്ച് രണ്ട് ഭീകരരെ വധിച്ച ശേഷമാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ അസാമാന്യ ധീരതയെ മാനിച്ച് മരണാനന്തരമായി ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന ധീരതാപുരസ്കാരമായ കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു.
കത്വാ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയതിലൂടെ പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർക്ക് ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ ധീരതയും രാജ്യസേവനവും ഓർമിപ്പിക്കുന്ന സ്ഥിരം സ്മാരകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.