സി.ജെ.പി പ്രതിഷേധം

സി.ജെ.പിയുടെ ‘ചലോ സൻസദ്’ മാർച്ചിന് അനുമതിയില്ല; നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജൂലൈ 20ന് നടത്തുന്ന കോക്രോച് ജനത പാർട്ടി(സി.ജെ.പി)യുടെ ‘ചലോ പാർലമെന്റ്’ മാർച്ചിന് അനുമതി നൽകില്ലെന്ന് ഡൽഹി പൊലീസ്. സി.ജെ.പിയുടെ ചലോ പാർലമെന്റ് ​മാർച്ചിന് അനുമതി തേടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് ഡൽഹി പൊലീസ് ഞായറാഴ്ച അറിയിച്ചു. അനുമതിയില്ലാതെ മാർച്ച് നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ഡൽഹിയിൽ പ്രാബല്യത്തിലുണ്ട്. ഈ ഉത്തരവുകൾ പ്രകാരം മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകളുടെ പ്രതിഷേധ മാർച്ചുകൾ, ഘോഷയാത്രകൾ, പ്രകടനങ്ങൾ, ഒത്തുചേരലുകൾ എന്നിവ നിരോധിച്ചിരിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

പാർലമെന്റ് സമ്മേളന കാലത്ത് ന്യൂഡൽഹി അതീവ സുരക്ഷാ മേഖലയായതിനാൽ റാലികളോ പ്രകടനങ്ങളോ അനുവദിക്കാനാകില്ല. മാർച്ചിന് അനുമതി തേടി അപേക്ഷ ലഭിച്ചിട്ടില്ലെന്നും നിലവിൽ നടക്കുന്ന പ്രതിഷേധത്തിനും ആവശ്യമായ അനുമതിയില്ലെന്നും പൊലീസ് വ്യക്തമാക്കി. മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹന പരിശോധനകൾ കർശനമാക്കുകയും ചെയ്തു. കൂടാതെ പ്രധാന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മാർച്ചിനെക്കുറിച്ച് പൊലീസിനെ നേരത്തേ തന്നെ അറിയിച്ചിരുന്നുവെന്നും പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും സി.ജെ.പി നേതൃത്വം പ്രതികരിച്ചു. പൊലീസ് അനുമതി നിഷേധിക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും സംഘാടകർ വ്യക്തമാക്കി.

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിന് പിന്നാലെയാണ് പ്രതിഷേധം കൂടുതൽ സംഘർഷഭരിതമായത്. മൺസൂൺ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയതായും ജന്തർ മന്തർ, പാർലമെന്റ് പരിസരം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - No permission for CJPs Parliament march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.