ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്വെയർ പെഗസസ് രാജ്യത്തിന്റെ സുരക്ഷക്കായി ഉപയോഗിച്ചത് തെറ്റല്ലെന്ന് സുപ്രീംകോടതി. പെഗസസ് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് പൂർണമായി പുറത്തുവിടാനാവില്ലെന്നും അതോടെ വിഷയം തെരുവുകളിൽ ചർച്ചയാകുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അതേസമയം, സ്വകാര്യ വ്യക്തികൾക്കെതിരെ പെഗസസ് ഉപയോഗിച്ചത് പരിശോധിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
പെഗസസ് ഉപയോഗിച്ച് തങ്ങളുടെ മൊബൈലുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും നരേന്ദ്ര മോദി സർക്കാർ ചാരവൃത്തി നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ഹരജികൾ ജൂലൈ 30ന് വീണ്ടും കേൾക്കും.
പെഗസസ് ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തിയ ചാരവൃത്തിയുടെ വാർത്ത ഇന്ത്യൻ ന്യൂസ് പോർട്ടൽ ‘വയർ’ അടക്കമുള്ള അന്തർദേശീയ മാധ്യമ കൂട്ടായ്മയാണ് 2021ൽ പുറത്തുകൊണ്ടുവന്നത്. ഇതിനെ തുടർന്ന് ‘ഹിന്ദു’ പത്രത്തിന്റെ ഡയറക്ടർ എൻ. റാം, ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാർ, മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ ഠാകൂർത്ത, പ്രേം ശങ്കർ ഝാ, ഇപ്സ ശതാക്ഷി, രൂപേഷ് കുമാർ സിങ്, എസ്.എൻ.എം ആബിദി, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയത്. തങ്ങൾ പരിശോധിച്ച 21 മൊബൈൽ ഫോണുകളിൽ പെഗസസ് കണ്ടെത്തിയില്ലെന്നായിരുന്നു വിദഗ്ധസമിതി റിപ്പോർട്ട്.
ഇസ്രായേൽ ആസ്ഥാനമായുള്ള സ്പൈവെയർ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് പെഗാസസ് മാൽവെയർ ഉപയോഗിച്ച് ഇന്ത്യയിലും വാട്സ്ആപ്പ് ഹാക്ക് ചെയ്തിട്ടുണ്ടെന്ന് യു.എസ് ജില്ലാ കോടതി വിധി പരാമർശിച്ചു കൊണ്ട് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.