ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ചാനലിൽ നിറയെ ഇപ്പോൾ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ്. വെള്ളിയാഴ്ചയാണ് കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്.
സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസുകളും പൊതുതാൽപര്യമുള്ള വിഷയങ്ങളും പരിഗണിക്കുമ്പോൾ കേസിലെ നടപടികൾ ലൈവ് സ്ട്രീം ചെയ്യാറുണ്ട്. യൂട്യൂബിലൂടെയാണ് ഇത്തരത്തിൽ നടപടികൾ ലൈവ് സ്ട്രീം ചെയ്യുന്നത്. നിലവിൽ ഹാക്കർമാർ യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിപ്പിൾ ലാബിന്റെ എക്സ്.ആർ.പി എന്ന ക്രിപ്റ്റോ കറൻസിയുടെ വിഡിയോകളാണ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
നേരത്തെ ആർ.ജികർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടബലാത്സംഗത്തിനിരയായി ട്രെയിനി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തിരുന്നു. ഈ കേസിന്റെ നടപടി ക്രമവും യുട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം വ്യാജ സുപ്രീംകോടതി വെബ്‌സൈറ്റ് ഉപയോഗിച്ചുള്ള ഫിഷിങ് ആക്രമണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നതിന് മുമ്പ് അഭിഭാഷകര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.