ന്യൂഡൽഹി: അനധികൃത നിർമാണമെന്ന് ആരോപിച്ച് കുശിനഗറിലെ മദനി മസ്ജിദിന്‍റെ ഭാഗങ്ങൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. യു.പി സർക്കാർ അധികൃതർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി.
പുതിയ ഉത്തരവ് പുറപ്പെടുവിക്കും വരെ മസ്ജിദിൽ കൂടുതൽ പൊളിക്കൽ നടപടി സ്വീകരിക്കരുതെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.ജി മസീഹ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2024 നവംബർ 13ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊളിക്കൽ നടപടിക്ക് മുമ്പ് ബന്ധപ്പെട്ട കക്ഷിക്ക് രേഖാമൂലം അറിയിപ്പ് നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നുവെന്നും എന്നാൽ, അറിയിപ്പ് നൽകാതെ മസ്ജിദിന്‍റെ ഒരുഭാഗം പൊളിച്ചെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മസ്ജിദ് നിർമിച്ചതെന്നാണ് ഹരജിക്കാർ വാദിക്കുന്നത്. 1999ലെ ഉത്തരവ് പ്രകാരം മുനിസിപ്പൽ അധികാരികളുടെ അനുമതിയോടെയാണ് നിർമാണം നടന്നത്. എന്നാൽ, അനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ടെങ്കിലും 2006 ഫെബ്രുവരി 12ലെ ഹൈകോടതി ഉത്തരവ് പ്രകാരം അന്തിമ തീരുമാനം മാറ്റിവെച്ചു. അതിനാൽ, അനുമതി ഇപ്പോഴും നിലവിലുണ്ട് -ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അടിസ്ഥാന പരാതി പ്രകാരം സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അന്വേഷണം നടത്തുകയും 2024 ഡിസംബർ 22ന് വാർത്താകുറിപ്പ് പുറത്തിറക്കുകയും ചെയ്തു. സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്‍റെ അന്വേഷണത്തിൽ മുനിസിപ്പൽ അധികൃതർ അനുമതി നൽകിയ പ്ലാനിന്‍റെ അടിസ്ഥാനത്തിലാണ് നിർമാണം നടത്തിയതെന്ന് കണ്ടെത്തി. അതേസമയം, അനുമതിയില്ലാതെ നിർമാണം നടത്തിയ ഭാഗങ്ങൾ ഹരജിക്കാർ തന്നെ നീക്കം ചെയ്യുകയും ചെയ്തു.
അതിനാൽ, ഉത്തരവ് ധിക്കരിച്ച് മസ്ജിദിന്‍റെ ഭാഗങ്ങൾ പൊളിച്ചത് കോടതി പുറപ്പെടുവിച്ച നിർദേശങ്ങളെ അവഹേളിക്കുന്നതാണ്. അതുകൊണ്ട്, പ്രതികളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാവുന്നതാണ്. നടപടി സംബന്ധിച്ച് രണ്ടാഴ്ചക്കകം മറുപടി നൽകണം. കൂടാതെ, പുതിയ ഉത്തരവ് പുറപ്പെടുവിക്കും വരെ മസ്ജിദിന്‍റെ ഭാഗങ്ങൾ പൊളിക്കരുത് -സുപ്രീംകോടതി വ്യക്തമാക്കി.
നിർമാണ അനുമതി വാങ്ങിയ ശേഷമാണ് നിർമാണം നടത്തിയതെന്ന് റിപ്പോർട്ട് നൽകിയ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ മസ്ജിദിന്‍റെ ഭാഗം പൊളിക്കാൻ പൊലീസും അധികൃതരും എത്തുന്നതിന് മുമ്പ് സ്ഥലംമാറ്റിയെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ഹുസേഫ അഹമ്മദി കോടതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ, പ്ലാനിൽ ഉൾപ്പെടാതെ നിർമിച്ച ഭാഗങ്ങൾ ഹരജിക്കാർ തന്നെ പൊളിച്ചു നീക്കിയിരുന്നതായും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഈ വാദം പരിഗണിച്ചാണ് യു.പി അധികൃതർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
ഫെബ്രുവരി ഒമ്പതിനാണ് അനധികൃത നിർമാണമെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ കുശിനഗറിലെ മദനി മസ്ജിദിന്‍റെ ഒരു ഭാഗം ഉത്തർപ്രദേശ് സർക്കാർ പൊളിച്ചുനീക്കിയത്. മസ്ജിദിനെതിരെ നടപടി സ്വീകരിക്കുന്നത് ഫെബ്രുവരി എട്ട് വരെ ഹൈകോടതി തടഞ്ഞിരുന്നു. എന്നാൽ, സ്റ്റേ ഉത്തരവിന്‍റെ കാലാവധി അവസാനിച്ചതിന് പിന്നാലെ ഫെബ്രുവരി ഒമ്പത് ഞായറാഴ്ച പുലർച്ചെയോടെയാണ് ബുൾഡോസർ ഉപയോഗിച്ച് മൂന്നു നിലയുള്ള പള്ളി െപാളിച്ചുനീക്കാൻ തുടങ്ങിയത്.
1999ൽ പ്രാദേശിക നേതാവായ രാം ബച്ചൻ സിങ്ങാണ്, മസ്ജിദ് അനധികൃതമായി നിർമിച്ചതാണെന്നു കാട്ടി പരാതി നൽകിയത്. 2023ൽ അന്വേഷണം ആരംഭിച്ചു. രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ട് മുനിസിപ്പൽ അധികൃതർ പള്ളി കമ്മിറ്റിക്ക് മൂന്നു തവണ നോട്ടീസ് നൽകിയിരുന്നു. ഹാജരാക്കിയ രേഖകൾ സാധുവല്ലെന്ന് കാട്ടി മസ്ജിദ് അനധികൃതമെന്ന് അധികൃതർ പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന് മസ്ജിദ് അധികൃതർ ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ഫെബ്രുവരി എട്ടു വരെ നടപടികൾ സ്റ്റേ ചെയ്തിരുന്നു. നിയമാനുസൃത ഭൂമിയിലാണ് പള്ളി പണിതതെന്നും ഭരണാധികാരികൾ പക്ഷപാതപരമായി പെരുമാറുകയാണെന്നും ചൂണ്ടിക്കാട്ടിയ മസ്ജിദ് കമ്മിറ്റി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.