സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശ് സർക്കാറിന്‍റെ ശക്തമായ എതിർപ്പ് തള്ളിയാണ് ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉത്തരവിട്ടത്.

ഡൽഹി എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ കാപ്പനെ മാറ്റണമെന്നാണ് കോടതി നിർദേശം. ഈ രണ്ട് ആശുപത്രികളിൽ കിടക്ക അടക്കമുള്ള സൗകര്യമില്ലെങ്കിൽ ചികിത്സാ സൗകര്യമുള്ള ഡൽഹിയിലെ മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടു. വിദഗ്ധ ചികിത്സ നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം കാപ്പനെ മഥുരയിലെ ജയിലിലേക്ക് കൊണ്ടു പോകാമെന്നും കോടതി വ്യക്തമാക്കി. പ്രമേഹം, ഹൃദയ സംബന്ധമായ രോഗം അടക്കമുള്ള അസുഖങ്ങൾ കാപ്പനുണ്ടെന്ന യു.പി സർക്കാറിന്‍റെ വൈദ്യപരിശോധനാ റിപ്പോർട്ടും കോടതി പരിഗണിച്ചിരുന്നു.

കാപ്പനെ ഡൽഹിയിലേക്ക് മാറ്റാതിരിക്കാൻ ശക്തമായ വാദമാണ് സോളിസിറ്റർ ജനറൽ സുരേഷ് മേത്ത കോടതിയിൽ ഉന്നയിച്ചത്. കോവിഡ് നെഗറ്റീവ് ആയ ആളാണ് കാപ്പൻ. കോവിഡ് പോസിറ്റീവായ കിടക്കകൾ പോലും ലഭിക്കാത്ത നിരവധി പേർ മഥുരയിലുണ്ട്. യു.പിയിൽ കോവിഡ് പോസിറ്റീവായ നിരവധി മാധ്യമപ്രവർത്തകർ കിടക്കകൾക്കായി അലഞ്ഞു നടക്കുകയാണ്. ഈ സാഹചര്യത്തിൽ ഗുരുതര കുറ്റാരോപണം നേരിടുന്ന ഒരാളെ ഡൽഹിയിലേക്ക് മാറ്റുന്നത് തെറ്റായ നടപടിയാണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.

കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവിടുന്നുണ്ടെങ്കിൽ ആശുപത്രിയിൽ ഒരു കിടക്ക ഒഴിച്ചിടാൻ പ്രത്യേക നിർദേശം കോടതി പുറപ്പെടുവിക്കണമെന്ന വിചിത്ര വാദവും സോളിസിറ്റർ ജനറൽ ഉന്നയിച്ചു. കൂടാതെ, കോവിഡ് പോസിറ്റീവായ ഒരാളെ നീക്കി ആ കിടക്ക കാപ്പന് നൽകണമെന്ന നിർദേശം പുറപ്പെടുവിക്കണമെന്നും സുരേഷ് മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ, അക്കാര്യങ്ങൾ തങ്ങളുടെ വിഷയമല്ലെന്നും അതെല്ലാം നിങ്ങൾക്ക് തീരുമാനിക്കാമെന്നുമുള്ള മറുപടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നൽകിയത്.

കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹരജിയും ഇന്ന് സുപ്രീംകോടതി തീർപ്പാക്കി. ചികിത്സ പൂർത്തിയായ ശേഷം ജാമ്യം തേടി ബന്ധപ്പെട്ട കീഴ്കോടതിയെ കാപ്പന് സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് എന്താണ് തടസമെന്ന് രാവിലെ അപേക്ഷ പരിഗണിക്കവെ ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, യു.പി സർക്കാർ സമർപ്പിച്ച വൈദ്യപരിശോധന റിപ്പോർട്ടിൽ കാപ്പന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​യും ജാ​മ്യ​പേ​ക്ഷ​യും ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ല​ഭി​ച്ച ക​ത്തു​ക​ളും പരിഗണിക്കവെയാണ് ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ യു.പി സർക്കാറിനോട് ചോദ്യം ഉന്നയിച്ചത്. ഈ വിഷയത്തിൽ ഉച്ചക്ക് ഒരു മണിക്കുള്ളിൽ നിലപാട് അറിയിക്കാമെന്ന് യു.പി സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.

രാജ്യം വലിയ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സാധാരണ ജനങ്ങൾക്ക് ആശുപത്രിയിൽ കിടക്ക പോലും കിട്ടാത്ത സാഹചര്യമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഈ സാഹചര്യത്തിൽ സിദ്ദീഖ് കാപ്പന് മാത്രം ഒരു സൗകര്യം നൽകുന്നത് ശരിയല്ലെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ കാപ്പൻ നേരിട്ട് അപേക്ഷ നൽകിയിട്ടില്ലെന്നും പത്രപ്രവർത്തക യൂണിയൻ എന്ന സംഘടനയാണ് ആവശ്യം ഉന്നയിച്ചതെന്ന വാദവും തുഷാർ മേത്ത ഉന്നയിച്ചു. പത്രപ്രവർത്തക യൂണിയൻ മാത്രമല്ല കാപ്പന്‍റെ ഭാര്യയെ കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ കത്ത് അപേക്ഷയായി പരിഗണിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

സിദ്ദീഖ് കാപ്പന് ജാമ്യം നൽകുന്നതിനെതിരെ ശക്തമായ വാദമാണ് കേന്ദ്ര സർക്കാർ ഉന്നയിച്ചത്. കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹാഥ്റാസിലേക്ക് പോയത് ജാതി വിഭജനം ഉണ്ടാക്കാനാണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടോ എന്ന് കോടതിയുടെ ചോദ്യത്തിന്, നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

ജയിലിൽ വെച്ച് സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നതായി സുപ്രീംകോടതിയിൽ സമർപ്പിച്ച വൈ​ദ്യ​പ​രി​ശോ​ധന റിപ്പോർട്ടിൽ ഉത്തർപ്രദേശ് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിതനായിരിക്കെ മ​ഥു​ര ജയിലിലെ സെല്ലിൽ കുഴഞ്ഞുവീണ കാപ്പന് മുഖത്ത് പരിക്കേറ്റിരുന്നു. ഈ പരിക്ക് ഭേദമായിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് യു.പി സർക്കാർ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടക്കാല അപേക്ഷ പരിഗണിക്കവെ, മുഖത്തെ പരിക്ക് അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കാപ്പന്‍റെ അഭിഭാഷകൻ അ​ഡ്വ. വി​ൽ​സ്​ മാ​ത്യൂ ആവശ്യപ്പെട്ടത്. വിദഗ്ധ ചികിത്സ ലഭിക്കാനായി ഡൽഹിയിലെ മികച്ച ആശുപത്രിയിലേക്ക് കാപ്പനെ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Supreme Court Hints At Shifting Siddique Kappan To Delhi For Treatment;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.