രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും ബി.ജെ.പിക്കെതിരെയും രാഹുൽ നടത്തിയ പരാമർശങ്ങളിലുമാണ് മാനനഷ്ട കേസ് വന്നത്. മാനനഷ്ട കേസിലെ ക്രിമിനൽ നടപടികൾക്കാണ് കോടതി സ്റ്റേ അനുവദിച്ചത്.
ജസ്റ്റിസുമാരായ വിക്രം നാഥ് സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് കോടതിയുടെ സുപ്രധാന വിധി. രാഹുൽ സമർപ്പിച്ച സ്പെഷ്യൽലീവ് പെറ്റീഷനിലാണ് കോടതിയുടെ ഉത്തരവ്. ഝാർഖണ്ഡ് ഹൈകോടതിയുടെ ഉത്തരവിനെതിരെയാണ് രാഹുൽ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്.
നേരത്തെ മാനനഷ്ട കേസ് തള്ളണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ ഝാർഖണ്ഡ് ഹൈകോടതി തള്ളിയിരുന്നു. ബി.ജെ.പി പ്രവർത്തകനായ നവീൻ ഝായാണ് രാഹുലിനെതിരെ പരാതി നൽകിയത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് രാഹുലിന് വേണ്ടി ഹാജരായത്.
ഇരയായ വ്യക്തിക്ക് മാത്രമേ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ സാധിക്കുവെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മനു അഭിഷേക് സിങ്‍വിയുടെ വാദം. മൂന്നാമതൊരു കക്ഷിക്ക് കേസ് ഫയൽ ചെയ്യാനാവില്ലെന്നും സിങ്‍വി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദത്തിൽ മറുപടി സമർപ്പിക്കാൻ സുപ്രീംകോടതി ഹരജിക്കാരന് സമയം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.