സംഭലിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുന്ന പൊലീസുകാരൻ (ഫയൽ ചിത്രം)
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് മുസ്‍ലിം യുവാക്കൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഡാനിഷ്, ഫൈസാൻ, നസിർ എന്നിവർക്കാണ് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്.
യുവാക്കളെ കുടുക്കുകയായിരുന്നുവെന്നും സംഭവവുമായി ഇവരെ ബന്ധിപ്പിക്കുന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റ് ഏകപക്ഷീയമായിരുന്നുവെന്നും തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ സമ്പൂർണമായി പരാജയപ്പെട്ടുവെന്നും ജാമ്യത്തിന് പിന്നാലെ, പ്രതിഭാഗം അഭിഭാഷകൻ സുലൈമാൻ മുഹമ്മദ് ഖാൻ പറഞ്ഞു. വിചാരണയില്ലാതെ യുവാക്കളെ ദീർഘകാലം തടവിൽ പാർപ്പിച്ചത് നീതീകരിക്കാനാവില്ലെന്നും സുലൈമാൻ കൂട്ടിച്ചേർത്തു.
മെയ് 19ന് ഫൈസാനും ഡാനിഷിനും അലഹാബാദ് ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി.
ശാഹി ജമാ മസ്ജിദിൽ സർവേക്ക് അധികൃതർ എത്തിയതിന് പിന്നാലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് മൂന്നുപേരും അറസ്റ്റിലായത്. കോടതി ഉത്തരവിനെത്തുടർന്ന് നവംബർ 19ന് മസ്ജിദിലെ ആദ്യ സർവേക്ക് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ മരിക്കുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു സർവേ. പൊലീസ് പറയുന്നതനുസരിച്ച്, സർവേ നടത്തുന്നതിൽ പ്രതിഷേധിച്ച് ഒരുസംഘം ആളുകൾ സ്ഥലത്ത് തടിച്ചുകൂടുകയായിരുന്നു. തുടർന്ന്, പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകർക്കപ്പെടുകയുമായിരുന്നു.
അതേസമയം, സർവേക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ‘ജയ് ശ്രീറാം’ മുഴക്കി വലതുപക്ഷ തീവ്ര സംഘടനകളുടെ പ്രവർത്തകരുണ്ടായിരുന്നുവെന്നും ഇതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.